
ദത്തെടുക്കുന്ന കുഞ്ഞിന് മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുണ്ടെന്ന കാരണത്താൽ അമ്മമാർക്ക് പ്രസവാവധി നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. പ്രസവാവധി എന്നത് സ്ത്രീകളുടെ അടിസ്ഥാന മനുഷ്യാവകാശമാണെന്നും കുടുംബം കെട്ടിപ്പടുക്കുന്നതിൽ ജൈവശാസ്ത്രപരമായ രീതികൾ പോലെ തന്നെ നിയമപരമാണ് ദത്തെടുക്കലുമെന്നും കോടതി നിരീക്ഷിച്ചു. ദത്തെടുത്ത കുഞ്ഞിന് മൂന്ന് മാസത്തിൽ താഴെ മാത്രം പ്രായമുണ്ടെങ്കിൽ മാത്രമേ 12 ആഴ്ചത്തെ അവധിക്ക് അർഹതയുള്ളൂ എന്ന സോഷ്യൽ സെക്യൂരിറ്റി കോഡിലെ 60(4) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചു.
ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. രക്തബന്ധത്തിലൂടെയുള്ള ജൈവശാസ്ത്രപരമായ കാഴ്ചപ്പാടുകൾക്ക് അപ്പുറം, ദത്തെടുക്കലും കുടുംബം രൂപീകരിക്കുന്നതിനുള്ള തുല്യമായ പാതയാണെന്ന് കോടതി വ്യക്തമാക്കി. “മാതൃത്വം എന്നത് വെറും ജൈവശാസ്ത്രപരമായ ഘടകങ്ങളല്ല, മറിച്ച് പങ്കിട്ട സ്നേഹവും അർത്ഥവുമാണ്. സ്വന്തം കുഞ്ഞും ദത്തെടുത്ത കുഞ്ഞും തമ്മിൽ ഒരു വ്യത്യാസവുമില്ല. മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുക്കുന്ന ഒരു അമ്മയുടെ ഉത്തരവാദിത്തം മറ്റൊരു അമ്മയുടേതിന് തുല്യമാണ്”, കോടതി നിരീക്ഷിച്ചു.
ഒരു റിട്ട് ഹർജിയിൽ വിധി പറയവേയാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ. മൂന്ന് മാസം പ്രായപരിധി നിശ്ചയിക്കുന്നതിലൂടെ ദത്തെടുക്കുന്ന അമ്മമാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയായിരുന്നു. പുതിയ വിധിയിലൂടെ ദത്തെടുത്ത കുട്ടിക്ക് എത്ര പ്രായമായാലും അമ്മമാർക്ക് നിയമപരമായ അവധിക്ക് അർഹതയുണ്ടാകും. ജോലി ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്കും വലിയ കരുത്ത് പകരുന്നതാണ് ഈ കോടതി വിധി.
മാതൃത്വത്തിന് പുതിയ നിർവ്വചനം നൽകിയ സുപ്രീം കോടതി നടപടിയെ സാമൂഹിക പ്രവർത്തകരും നിയമവിദഗ്ധരും സ്വാഗതം ചെയ്തു.