
ട്രംപ് ഭരണകൂടത്തിന്റെ വാക്സീൻ നയത്തിനു കനത്ത തിരിച്ചടി. മെഡിക്കൽ സമൂഹത്തിന്റെ ശക്തമായ എതിർപ് നേരിട്ട നയം നടപ്പാക്കുന്നത് മാസച്ചുസെറ്റ്സിൽ ഫെഡറൽ ജഡ്‌ജ് ബ്രയാൻ മർഫി തടഞ്ഞു.
ഗൂഢാലോചന സിദ്ധാന്തങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി നിയമിച്ച പാനലുകൾ എടുത്ത എല്ലാ തീരുമാനങ്ങളും നടപ്പാക്കുന്നതും കോടതി തടഞ്ഞു. അമേരിക്കക്കാർ ഏതൊക്കെ വാക്സീൻ എടുക്കണമെന്ന് തീരുമാനിക്കുന്നത് ഈ ഉപദേശക സമിതികൾ ആയിരുന്നു.
കെന്നഡി കൊണ്ടുവന്ന എല്ലാ മാറ്റങ്ങൾക്കും ഇതോടെ വിലക്കായി. ദേശീയ വാക്സീൻ നയങ്ങൾ ഉടച്ചു വാർത്തിരുന്നു കെന്നഡി. പതിവായി വാക്സീൻ നൽകേണ്ട രോഗങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. കോവിഡ് വാക്സീൻ നിരോധിക്കയും ചെയ്തു.
നിലവിലിരുന്ന ചട്ടങ്ങൾ വാക്സീൻ കമ്മിറ്റി ശാസ്ത്രീയമായി ആവിഷ്കരിച്ചതാണെന്നു ജഡ്‌ജ് ചൂണ്ടിക്കാട്ടി. "നിർഭാഗ്യമെന്നു പറയട്ടെ, ഗവൺമെന്റ് അവ കണക്കിലെടുത്തില്ല."
ഗവൺമെൻറ് അപ്പീൽ പോകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ആറു മെഡിക്കൽ സംഘടനകളാണ് കെന്നഡിയും സഹായികളും ചേർന്ന് 'ചപലമായും ഏകപക്ഷീയമായും' എടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്തത്. കുട്ടികളുടെ വാക്സീൻ പരിപാടികൾ അവർ അശാസ്ത്രീയമായി അട്ടിമറിച്ചെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. കെന്നഡി നിയമിച്ച കമ്മിറ്റിയിലെ അംഗങ്ങൾ ഈ തീരുമാനങ്ങൾ എടുക്കാനുള്ള യോഗ്യത ഉള്ളവരല്ല. അവരുടെ ശുപാർശകൾ അമേരിക്കക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കും.
കമ്മിറ്റിയിലെ 15 അംഗങ്ങളിൽ ആറു പേർക്കു മാത്രമേ വാക്‌സിനുകൾ സംബന്ധിച്ച് എന്തെങ്കിലും അർഥവത്തായ അറിവുള്ളു എന്നു ജഡ്‌ജ് ചൂണ്ടിക്കാട്ടി.
Judge shoots down Kennedy vaccine policy