
ജറുസലേം: ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയെ ഇസ്രായേല്‍ സൈന്യം രാത്രി നടത്തിയ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി.
റെവല്യൂഷണറി ഗാര്‍ഡിന്റെ സന്നദ്ധപ്രവര്‍ത്തകനായ ബാസിജ് സേനയുടെ തലവനായ ഘോലം റെസ സുലൈമാനിയെയും കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചു. ഫെബ്രുവരി 28 ന് ടെഹ്‌റാനിലെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തിലാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്.
ലാരിജാനി കൊല്ലപ്പെട്ടെന്ന വാർത്ത ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദേശം ഉടൻ പുറത്തുവിടുമെന്ന് ഇറാന്റെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അവ്യക്തത തുടരുകയാണ്. ഇസ്രായേലിന്റെ അവകാശവാദം വെറും പ്രചാരണം മാത്രമാണെന്നാണ് ഇറാന്റെ പ്രാഥമിക പ്രതികരണം.
ഫെബ്രുവരി 28ന് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ രാഷ്ട്രീയ-സൈനിക തീരുമാനങ്ങളിൽ നിർണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലി ലാരിജാനി. അദ്ദേഹത്തിന്റെ മരണം ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.