
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെന്നിന്ത്യൻ ഇതിഹാസം കമൽ ഹാസൻ രംഗത്തെത്തി. താൻ വൈകാരികമായി കേരളത്തോട് ഏറെ അടുത്തുനിൽക്കുന്ന വ്യക്തിയാണെന്നും സഖാവ് പിണറായി വിജയന്റെ വിജയം കേരളത്തിന്റെ കൂടി വിജയമാണെന്നും അദ്ദേഹം തന്റെ എക്സ് കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തെ വികസനങ്ങളെക്കുറിച്ച് ചിന്തിച്ച് ജനങ്ങൾ ശരിയായ തീരുമാനമെടുക്കണമെന്ന് അഭ്യർത്ഥിച്ച താരം, രാഷ്ട്രീയത്തിന് അതീതമായ തന്റെ ആത്മബന്ധം ഒരിക്കൽ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ റോഡ് ഷോ നടത്തും. മട്ടന്നൂർ വിമാനത്താവളം മുതൽ പിണറായി വരെ നീളുന്ന പ്രകടനം വൈകുന്നേരം 3.30-ന് ആരംഭിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി, വരും ദിവസങ്ങളിൽ നേരിട്ടുള്ള വോട്ട് അഭ്യർത്ഥനയുമായി ധർമ്മടത്ത് സജീവമാകും.