
വാഷിംഗ്‌ടൺ: ഇറാനെതിരായ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുദ്ധം തുടരണമോ അതോ വ്യാപിച്ചു കൊണ്ടിരിക്കുന്ന സംഘർഷത്തിൽ നിന്ന് പിൻമാറണോ എന്ന രണ്ട് സുപ്രധാന ചോദ്യങ്ങളാണ് ഇപ്പോൾ അദ്ദേഹത്തിനു മുന്നിലുള്ളത്.
യുദ്ധം ആരംഭിച്ചു മൂന്നാഴ്ചയിലേക്കു എത്തുമ്പോൾ തന്നെ അതിന്റെ സൈനിക, സാമ്പത്തിക, നയതന്ത്ര പ്രത്യാഘാതങ്ങൾ വ്യാപകമാകുകയാണ്. ഇറാന്റെ സൈനിക ശേഷി ചില മേഖലകളിൽ ദുർബലപ്പെട്ടെങ്കിലും ശക്തമായ തിരിച്ചടി നൽകാൻ ആ രാജ്യത്തിനു കഴിയുന്നുവെന്ന് യുദ്ധം വ്യക്തമാക്കിയതായി വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം തുടരുകയാണെങ്കിൽ കൂടുതൽ അമേരിക്കൻ സൈനികരുടെ ജീവൻ അപകടത്തിലാകാനും സാമ്പത്തിക ചെലവ് കുത്തനെ ഉയരാനും സാധ്യതയുണ്ട്. അതേസമയം, വിദേശ യുദ്ധങ്ങളിൽ അമേരിക്കയെ കുടുക്കില്ലെന്ന തന്റെ മുൻ വാഗ്ദാനത്തിൽ നിന്ന് ട്രംപ് വിട്ടുമാറുന്നുവെന്ന ആശങ്ക അദ്ദേഹത്തിന്റെ അനുയായികൾക്കിടയിലും ഉയരുന്നു.
ഇപ്പോൾ യുദ്ധത്തിൽ നിന്ന് പിൻമാറുകയാണെങ്കിൽ ഇറാന്റെ ആണവായുധ വികസനം പൂർണമായി തടയുക എന്ന പ്രധാന ലക്ഷ്യം സാധിക്കാതെ മുട്ടുമടക്കുന്നതുപോലെയാകും. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ മിസൈൽ ശേഖരവും വായു പ്രതിരോധ സംവിധാനങ്ങളും വലിയ തോതിൽ നശിപ്പിക്കുകയും നാവികസേനയ്ക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തതായി ട്രംപ് അവകാശപ്പെടുന്നുണ്ട്. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതും നേട്ടമായി പറയാം. എന്നാൽ ഇറാനിലെ പുരോഹിത ഭരണം ഇപ്പോഴും നിലനിൽക്കുകയാണ്.
ഇറാന്റെ വരേണ്യ സേനയായ ഐ ആർ ജി സിയും വിവിധ സായുധ മിലീഷ്യകളും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. സൈബർ ആക്രമണങ്ങൾ, മൈൻ സ്ഥാപിക്കൽ, മിസൈൽ ആക്രമണങ്ങൾ തുടങ്ങിയ യുദ്ധരീതികൾ തുടരാമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ യുദ്ധത്തിൽ മനുഷ്യജീവനുകളുടെ നഷ്ടവും വർധിക്കുകയാണ്. യുദ്ധം ആരംഭിച്ച ശേഷം 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ആകെ മരണസംഖ്യ 2,100 കടന്നതായും അതിൽ ഭൂരിഭാഗവും ഇറാനിലാണെന്നും ഐക്യരാഷ്ട്രസഭയിൽ ഇറാൻ പ്രതിനിധി അറിയിച്ചു. 1,348 സാധാരണ പൗരന്മാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈനികരെ അയയ്ക്കുകയാണ്. ഇതിനകം തന്നെ പ്രദേശത്ത് ഉള്ള 50,000 സൈനികർക്കൊപ്പം 2,500 മറീനുകളെ കൂടി വിന്യസിക്കാൻ തീരുമാനിച്ചു. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും ഗുരുതരമായി തടസപ്പെട്ടു. ഇതോടെ ആഗോള വ്യാപാരത്തിലും എണ്ണവിലയിലും വലിയ ആഘാതമുണ്ടായി. ഹോർമൂസ് തുറക്കാൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ നാവികസേന അയയ്ക്കണമെന്ന് ട്രംപ് അഭ്യർത്ഥിച്ചെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
തിരിച്ചടിച്ച ഇറാൻ യു എ എയുടെ സുപ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഫുജൈറ ആക്രമിച്ചു അടച്ചു പൂട്ടിച്ചു. എണ്ണവില വർധന കുറയ്ക്കാൻ റഷ്യൻ എണ്ണ വിൽപ്പനയ്‌ക്കെതിരായ ചില അമേരിക്കൻ ഉപരോധങ്ങൾ താൽക്കാലികമായി ഇളവ് ചെയ്തിട്ടുണ്ട്.
യുദ്ധം എത്രകാലം തുടരും എന്നതിനെക്കുറിച്ച് ട്രംപ് തന്നെ വ്യത്യസ്ത സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. ചിലപ്പോൾ യുദ്ധം വിജയത്തിലേക്ക് അടുക്കുന്നുവെന്ന് പറയുകയും, മറ്റുചിലപ്പോൾ ശക്തമായ പോരാട്ടം ഇപ്പോഴും മുന്നിലുണ്ടെന്ന് അദ്ദേഹം മാറിമാറി പറഞ്ഞിട്ടുണ്ട്.
Trump under pressure over Iran war