Image

കുറഞ്ഞ ചിലവിൽ വീട് ലഭ്യമാകുന്ന രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകൾ ഇടക്കാല തിരഞ്ഞെടുപ്പ് മുൻനിർത്തിയോ?

Published on 16 March, 2026
കുറഞ്ഞ ചിലവിൽ വീട് ലഭ്യമാകുന്ന രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകൾ ഇടക്കാല തിരഞ്ഞെടുപ്പ് മുൻനിർത്തിയോ?

വാഷിംഗ്‌ടൺ: അമേരിക്കയിൽ വീടുകളുടെ വില വർധിച്ചതിനെ തുടർന്ന് വീട് സ്വന്തമാക്കുന്നത് പലർക്കും ബുദ്ധിമുട്ടായ സാഹചര്യത്തിൽ, വീടുകളുടെ ലഭ്യതയും വായ്പ ലഭ്യതയും മെച്ചപ്പെടുത്താൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകൾ ഒപ്പുവച്ചു.

നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് മുമ്പായി വോട്ടർമാരുടെ പ്രധാന ആശങ്കയായ വീടുകളുടെ വില വർദ്ധന നേരിടാനാണ് ഈ നടപടികളെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ആദ്യ ഉത്തരവിന്റെ ഭാഗമായി വീടുകൾ നിർമ്മിക്കുന്നതിനുള്ള സർക്കാർ നിയന്ത്രണങ്ങൾ കുറയ്ക്കുകയും സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങൾക്ക് വീടുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യും. അനാവശ്യമായ നിയമനിർദേശങ്ങളും വൈകുന്ന അനുമതി നടപടികളും പുതിയ വീടുകളുടെ നിർമ്മാണം വൈകിപ്പിക്കുകയും ചെലവ് വർധിപ്പിക്കുകയും ചെയ്തുവെന്നാണ് ഉത്തരവിൽ പറയുന്നത്.

പരിസ്ഥിതി സംബന്ധമായ ചില ചട്ടങ്ങളും നിർമ്മാണ മാനദണ്ഡങ്ങളും പുനഃപരിശോധിച്ച് വീടുനിർമ്മാണത്തിന്റെ  ചെലവ് കുറയ്ക്കാനും നിർമാണ നടപടികൾ വേഗത്തിലാക്കാനും ഫെഡറൽ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ ഏജൻസിയും സൈനിക വകുപ്പും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ  അനുമതി നടപടികൾ ലളിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

വാണിജ്യ, ഹൗസിംഗ്, ഗതാഗത വകുപ്പുകളും ഫെഡറൽ ഹൗസിംഗ് ഫിനാൻസ് ഏജൻസിയും വീടുകളുടെ വികസനത്തെ തടസ്സപ്പെടുത്തുന്ന ചട്ടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. കൂടാതെ ചില പരിസ്ഥിതി, ഊർജ കാര്യക്ഷമത സംബന്ധമായ ചട്ടങ്ങൾ നിർമ്മാണ ചെലവ് ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അവയും പരിഷ്കരിക്കാൻ തീരുമാനിച്ചു.

വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് മുൻ ഭരണകൂടം നടപ്പാക്കിയ ചില ഊർജ കാര്യക്ഷമത മാനദണ്ഡങ്ങൾ വീടുകളുടെ നിർമ്മാണ ചെലവിൽ ഏകദേശം $9,000 വരെ അധികം വരുത്തിയതായി കണക്കാക്കപ്പെടുന്നു.

രണ്ടാമത്തെ ഉത്തരവ് ഹൗസിംഗ് ലോൺ നടപടികൾ ലളിതമാക്കുന്നതിനാണ്. ചെറിയ കമ്മ്യൂണിറ്റി ബാങ്കുകൾക്ക് കൂടുതൽ ഹോം ലോൺ നൽകാൻ കഴിയുന്ന വിധത്തിൽ മോർട്ട്ഗേജ് ചട്ടങ്ങൾ പരിഷ്കരിക്കാൻ ഉപഭോക്തൃ സാമ്പത്തിക സംരക്ഷണ ബ്യൂറോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഹോം മോർട്ട്ഗേജ് ഡിസ്ക്ലോഷർ ആക്ട് പ്രകാരമുള്ള ചില റിപ്പോർട്ടിംഗ് ചട്ടങ്ങൾ ലളിതമാക്കുന്നതിലൂടെ കൂടുതൽ ബാങ്കുകൾ ഹൗസിംഗ് ലോൺ നൽകാൻ രംഗത്തെത്തുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇതിലൂടെ വീടുകൾ വാങ്ങാൻ വായ്പ എടുക്കുന്നതിനുള്ള ചെലവ് കുറയാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.

വീടുകളുടെ ഉയർന്ന വില യുവാക്കളെയും മധ്യവർഗ്ഗ കുടുംബങ്ങളെയും കൂടുതലായി ബാധിക്കുന്ന പ്രധാന രാഷ്ട്രീയ വിഷയമായി മാറിയിട്ടുണ്ട്. ഫെബ്രുവരിയിൽ വില്പന നടന്ന ഒരു വീടിന്റെ ശരാശരി വില ഏകദേശം $398,000 ആണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് റിയൽറ്റേഴ്സ് കണക്കുകൾ വ്യക്തമാക്കുന്നു.

30 വർഷത്തെ ഹോം ലോൺ പലിശ നിരക്ക് ഫെബ്രുവരിയിൽ ശരാശരി 6.05 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവായെങ്കിലും കോവിഡ് കാലത്ത് ഉണ്ടായിരുന്ന 3 ശതമാനത്തിൽ താഴെയുള്ള നിരക്കിനെക്കാൾ ഇപ്പോഴും കൂടുതലാണ്.

വീടുകളുടെ വില വർധിക്കുകയും നിർമ്മാണം കുറയുകയും ചെയ്തതോടെ വീടുകൾ വാങ്ങാൻ കഴിയാത്ത നിരവധി പേർ വാടകവീടുകളിൽ തുടരേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ വീടുകളുടെ നിർമ്മാണവും വായ്പ ലഭ്യതയും വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക