
കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് കാപ്പാടൻ രമേശന്റെ അനുസ്മരണ ചടങ്ങിൽ അതി വൈകാരികമായി ഓർമ്മകൾ പങ്കിട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽ തന്നെ സംരക്ഷിക്കുകയും താങ്ങായി നിൽക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടൻ രമേശനെന്ന് അദ്ദേഹം അനുസ്മരിച്ചു. താൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവൽ കൊണ്ടാണെന്നും അത് പലർക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു.
സാധാരണയായി സിപിഎമ്മിനെതിരെയുള്ള പ്രസംഗങ്ങളിൽ ആവേശത്തോടെ സംസാരിക്കാറുള്ള സുധാകരൻ, ഇത്തവണ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ഓർമ്മകൾക്ക് മുന്നിൽ വാക്കുകൾ കിട്ടാതെ വികാരാധീനനാവുകയായിരുന്നു. കണ്ണൂരിലെ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ കാപ്പാടൻ രമേശനെപ്പോലെയുള്ള നിരവധി പ്രവർത്തകരുടെ നിസ്തുലമായ സേവനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ച നേതാവായിരുന്നു രമേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ വൈകാരിക പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഇതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പാര്‍ട്ടിയും തീരുമാനമെടുക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു . കണ്ണൂരില്‍ മല്‍സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കെ സുധാകരന്‍ നടത്തുന്ന നീക്കങ്ങളും സമ്മര്‍ദ്ദ തന്ത്രങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങളോട് എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന പ്രതികരണം.
നേരത്തെ കണ്ണൂരില്‍ മത്സരിക്കുമെന്ന തരത്തില്‍ സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സുധാകരന്‍ തന്റെ നിലപാടില്‍ അയവ് വരുത്തിയതെന്നാണ് സൂചന.
അതിനിടെയാണ്, പഴയകാല പോരാട്ടങ്ങളെയും സഹപ്രവർത്തകരെയും ഓർത്തെടുത്ത് സുധാകരൻ വൈകാരികമായി സംസാരിച്ചത്.