
യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ സർവീസുകളും എയർ ഇന്ത്യയും ഇൻഡിഗോയും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദേശത്തെത്തുടർന്നാണ് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ കമ്പനികൾ ഈ തീരുമാനമെടുത്തത്. എന്താണ് വ്യക്തമായ കാരണമെന്ന് വിമാന കമ്പനികൾ പറഞ്ഞിട്ടില്ല.
നേരത്തെ മാർച്ച് 28 വരെ ചില സ്ഥിരം സർവീസുകൾ റദ്ദാക്കിയിരുന്നെങ്കിലും ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിലേക്ക് താൽക്കാലിക സർവീസുകൾ നടത്തിയിരുന്നു. എന്നാൽ നിലവിലെ അപ്രതീക്ഷിത സാഹചര്യത്തിൽ ഇവയും നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ലെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ അൽ ഖർജിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്