Image

ട്രംപ് ഉപയോഗിക്കുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഷയെ യുഎൻ കമ്മിറ്റി വിമർശിക്കുന്നു (പിപിഎം)

Published on 15 March, 2026
ട്രംപ് ഉപയോഗിക്കുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഷയെ യുഎൻ കമ്മിറ്റി വിമർശിക്കുന്നു (പിപിഎം)

പ്രസിഡന്റ് ട്രംപും മറ്റു ചില യുഎസ് നേതാക്കളും വംശീയ വിദ്വേഷത്തിന്റെ ഭാഷ ഉപയോഗിക്കുന്നത് ഗൗരവമായ മനുഷ്യാവകാശ ലംഘനമാണെന്നു യുഎൻ കമ്മിറ്റി. വംശീയ വിദ്വേഷം അവസാനിപ്പിക്കാൻ പ്രവർത്തിക്കുന്ന സി ഇ ആർ ഡിയിൽ 18 അന്താരാഷ്ട്ര വിദഗ്ദ്ധരാണ് ഉള്ളത്.

വംശീയ വിദ്വേഷവും വിവേചനവും അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പു വച്ചിട്ടുള്ള രാജ്യം എന്ന നിലയ്ക്കു യുഎസ് അതിന്റെ കടമ നിർവഹിക്കണമെന്നു അവർ ചൂണ്ടിക്കാട്ടി.

അപമാനിക്കുന്നതും മനുഷ്യന്റെ അന്തസിനു നിരക്കാത്തതുമായ ഭാഷ കൂടുതലായി ഉപയോഗിച്ചു കാണുന്നത് അഗാധമായ അസ്വസ്ഥത ഉളവാക്കുന്നുവെന്നു കമ്മിറ്റി പറഞ്ഞു. അഭയാർഥികളെയും കുടിയേറ്റക്കാരെയും കുറിച്ചു പറയുമ്പോൾ ഈ ഭാഷ ആവർത്തിച്ചു കേൾക്കുന്നു.

"അവരെ ബാധ്യതയായി വിശേഷിപ്പിക്കുന്നതും ക്രിമിനലുകൾ എന്നു വിളിക്കുന്നതും പ്രസിഡന്റ് ഉൾപ്പെടെ ജനസേവകരിൽ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയവർ തന്നെയാണ്. അത് വംശീയ വിവേചനവും വിദ്വേഷ കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കുന്നു."

ഇത്തരത്തിലൊരു വിമർശനം ഇതാദ്യം 

ഒരു യുഎസ് പ്രസിഡന്റ് ഉപയോഗിക്കുന്ന ഭാഷയെ കുറിച്ചു ഇത്തരത്തിലൊരു വിമർശനം ഇതാദ്യമാണ്. കുടിയേറ്റ നയം നടപ്പാക്കാൻ ട്രംപ് ഉപയോഗിക്കുന്ന രീതികളെയും കമ്മിറ്റി വിമർശിക്കുന്നു. ഐസ് ഏജന്റുമാർ, ബോർഡർ പട്രോൾ എന്നിവർ വംശീയ അടിസ്ഥാനത്തിൽ നടത്തുന്ന വേട്ട മുതൽ 2026 ജനുവരി മുതൽ എട്ടു പേരുടെ മരണത്തിനു ഇടയാക്കിയ 'വിവേചനപരവും അപകടകരവും അക്രമാസക്തവുമായ' നടപടികൾ വരെ കമ്മിറ്റി എടുത്തു കാട്ടി.

മിനിയപോളിസിൽ തെരുവുകൾ നിറഞ്ഞു അഴിഞ്ഞാടിയ ഇമിഗ്രെഷൻ ഏജൻറുമാർ ഗൗരവമായ മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്നു കമ്മിറ്റി പറഞ്ഞു.

അലക്സ് പ്രെറ്റി, റീനി ഗുഡ് എന്നിവരെ ഫെഡറൽ ഏജന്റുമാർ വെടിവച്ചു കൊന്നതു ചൂണ്ടിക്കാട്ടിയ കമ്മിറ്റി, സമാധാനപൂർവം പ്രതിഷേധിച്ച രണ്ടു പേരെ അത്തരത്തിൽ വധിച്ചത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ അതിഗുരുതരമായ ലംഘനമാണെന്നു പറഞ്ഞു. തികച്ചും നിയമവിരുദ്ധമാണത്.

ഇമിഗ്രെഷൻ തടവിൽ അടയ്ക്കപ്പെടുന്നവരുടെ എണ്ണത്തിലുള്ള വൻ വർധനയിൽ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. 2024 അവസാനത്തോടെ 40,000 പേർ ഉണ്ടായിരുന്നത് ഇപ്പോൾ 73,000 ആയി. യുഎസിൽ നിയമാനുസൃതം ജീവിക്കുന്ന ആയിരങ്ങളുടെ നിയമപരിരക്ഷ ഇല്ലാതാക്കാനും ഭരണകൂടം മടിച്ചില്ല.

മനുഷ്യത്വമില്ലാതെയാണ് തടവുകാരെ കൈകാര്യം ചെയ്യുന്നതെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. കഴിഞ്ഞ വർഷം 29 പേരും ഈ വർഷം ഇതുവരെ ആറു പേരും ഈ ജയിലുകളിൽ മരിച്ചു.

ബരാക്ക് ഒബാമയുടെയും ജോ ബൈഡന്റെയും ഭരണങ്ങളെയും വിമർശിച്ച കമ്മിറ്റി പക്ഷെ അവർ ഉപയോഗിച്ച ഭാഷയെ കുറിച്ച് ആക്ഷേപം പറഞ്ഞില്ല. 
നിയമ ബാധ്യതയില്ലാത്ത റിപ്പോർട്ട് വൈറ്റ് ഹൗസ് തള്ളി. ട്രംപ് രാജ്യത്തിൻറെ അതിർത്തികൾ ഭദ്രമാക്കാനുള്ള ശ്രമത്തിലാണെന്നു വക്താവ് ഒളിവിയ വെയിൽസ് ചൂണ്ടിക്കാട്ടി. "പൊളിഞ്ഞ എസ്‌കലേറ്റർ പോലെയാണ് ഈ കമ്മിറ്റി."

UN deplores Trump hate speech 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക