Image

സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ

Published on 14 March, 2026
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പാക്കാൻ തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കാസ്പ്, കാരുണ്യ ബെനവലന്‍റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്ത മിസിങ് മിഡില്‍ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെ ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തി. ഒരു ചികിത്സാ പദ്ധതിയിലും അംഗമല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമാകും.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളുടേയും പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

സംസ്ഥാനത്ത് കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷയാണ് നൽകുന്നത്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാസ്പ് പദ്ധതി പ്രകാരമുള്ള കാര്‍ഡുള്ളത്.

ഇതിന് പുറമേ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ചികിത്സയും, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് 1 ലക്ഷം രൂപ വരെ അധിക ചികിത്സാ ആനുകൂല്യവും ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക