
തിരുവനന്തപുരം : ഈ വർഷത്തെ ഭാരത് ഭവൻ നെടുമുടിവേണു ഗ്രാമീണ നാടക സമഗ്ര സംഭാവനാ പുരസ്‌ക്കാരത്തിന് (20,001 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും) നാടകകലയുടെ സമഗ്ര മേഖലകളിലും കയ്യൊപ്പു പതിപ്പിച്ച ശ്രീ.കെ.എം.രാഘവൻ നമ്പ്യാർ അർഹനായി. ഭാരത് ഭവൻ എക്സിക്യൂട്ടീവ് മെമ്പറും നാടക രചയിതാവുമായിരുന്ന മധു കൊട്ടാരത്തിലിന്റെ നാമത്തിലുള്ള ഗ്രാമീണ നാടക രചനാ പുരസ്ക്കാരം (10,001 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും) മണിയപ്പൻ ആറന്മുളയ്ക്കും, രാജ് മോഹൻനീലേശ്വരത്തിനും സമർപ്പിക്കും. കുട്ടികളുടെ നാടക രചനക്കുള്ള പ്രത്യേക പരാമർശത്തിന് കൊടുമൺ ഗോപാലകൃഷ്ണൻ അർഹനായി.
വട്ടപ്പറമ്പിൽ പീതാംബരൻ ജൂറി ചെയർമാനും , ഡോ. ബിയാട്രിക്സ് അലക്സിസ്, നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ, അഭിനേതാവ് മണികണ്ഠൻ പട്ടാമ്പി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക പ്രയോക്താവുമായ ഡോ.പ്രമോദ് പയ്യന്നൂർ എന്നിവർ അടങ്ങുന്ന ജൂറി പാനലാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ലോക നാടക ദിനമായ മാർച്ച് 27 ന് ഭാരത് ഭവൻ മണ്ണരങ്ങിൽ വൈകുന്നേരം 6 മണിക്ക് പുരസ്‌ക്കാര സമർപ്പണ ചടങ്ങ് നടക്കും.