Image

ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം അഗീകരിക്കുക ഇനി മെഡിക്കൽ ശുപാർശയോടെ ; നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

Published on 14 March, 2026
ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം അഗീകരിക്കുക ഇനി മെഡിക്കൽ ശുപാർശയോടെ ; നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ നിയമപരമായ നിര്‍വചനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോടെ ജില്ലാ മജിസ്‌ട്രേറ്റിന് ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരം നല്‍കുന്ന വിധത്തിലാണ് ഭേഗഗതി. ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ സംബന്ധിച്ച 2019 ലെ നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രി ഡോ. വിരേന്ദ്ര കുമാര്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു.

പുതിയ നിര്‍വചനം അനുസരിച്ച്, കിന്നര്‍, ഹിജ്ഡ, അരവാണി, ജോഗ്ത എന്നിങ്ങനെ സാമൂഹിക-സാംസ്‌കാരിക ഐഡന്റിറ്റികളുള്ള വ്യക്തികള്‍, ജന്മനായുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ലൈംഗിക സ്വഭാവ സവിശേഷതകള്‍ എന്നിവ നോക്കിയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ തീരുമാനിക്കാം. എന്നാല്‍ സ്വയം ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് അവകാശപ്പെട്ടാല്‍ അംഗീകരിക്കില്ല. 2019 ലെ നിയമം ലിംഗ വ്യക്തിത്വം തിരിച്ചറിയാനുള്ള അവകാശം അംഗീകരിക്കുന്നതായിരുന്നു. എന്നാല്‍ വ്യവസ്ഥ നിര്‍ദ്ദിഷ്ട ബില്‍ നീക്കം ചെയ്യുന്നു. വ്യക്തികളെയും കുട്ടികളെയും തട്ടിക്കൊണ്ടു വന്ന് അംഗഭംഗം, ഷണ്ഡീകരണം എന്നിവ നടത്തി ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയിലാക്കുന്നതിനെ കടുത്ത രീതിയില്‍ കൈകാര്യം ചെയ്യാനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തി.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഔദ്യോഗിക രേഖകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ അധികാരവും കരട് നിയമം മുന്നോട്ട് വയ്ക്കുന്നു. തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ട്രാന്‍സ്ജെന്‍ഡറായി പ്രഖ്യാപിക്കുകയും ചെയ്ത ഏതൊരു വ്യക്തിക്കും ജനന സര്‍ട്ടിഫിക്കറ്റിലെ ആദ്യ പേരും അവരുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ഔദ്യോഗിക രേഖകളും മാറ്റാന്‍ അര്‍ഹതയുണ്ടെന്നും നിയമം പറയുന്നു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി രണ്ട് വര്‍ഷം തടവ് ശിക്ഷ കരടില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക