
താമരശ്ശേരി ചുരം ആറാം വളവിനു താഴെ ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കന്യാകുമാരി പളുങ്കല്‍ വിളവന്‍കോട് അലത്തുവിള പുത്തന്‍ വീട്ടില്‍ പ്രകാശന്‍ (30) ആണ് ചുരം ഇറങ്ങി വന്ന ആബുലന്‍സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
വയനാട് പടിഞ്ഞാറത്തറയില്‍ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോയ ആബുലന്‍സിന് മുന്നിലാണ് യുവാവ് ചാടിയത്. ബത്തേരിയിലുള്ള ഭാര്യവീട്ടില്‍ നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് പ്രകാശനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചതായിരുന്നു. പിന്നീട് ചുരം നടന്ന് ഇറങ്ങുന്നതിനിടെയാണ് ആംബുലന്‍സിന്റെ മുന്നില്‍ ചാടിയത്.
മരിക്കാന്‍ വേണ്ടി തന്നെയാണ് ചാടിയതെന്നാണ് യുവാവ് പറഞ്ഞത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.