Image

സ്ഥാനാര്‍ത്ഥി നിർണ്ണയത്തിൽ അന്തിമം പാർട്ടിയുടെ നയപരമായ തീരുമാനം, വികാരമല്ല ; കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ദീപാദാസ് മുൻഷി

Published on 14 March, 2026
സ്ഥാനാര്‍ത്ഥി നിർണ്ണയത്തിൽ അന്തിമം പാർട്ടിയുടെ നയപരമായ തീരുമാനം, വികാരമല്ല ; കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ദീപാദാസ് മുൻഷി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാര്‍ വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അവര്‍.

കണ്ണൂരില്‍ മാത്രമല്ല, കേരളത്തിലാകെ കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവാണ് സുധാകരന്‍, സ്ഥാനാര്‍ത്ഥിത്വത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സുധാകരന് അവകാശമുണ്ട്, എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രവര്‍ത്തകരുടെയോ പിന്തുണയ്ക്കുന്നവരുടെയോ വികാരം മാത്രം പരിഗണിച്ചല്ല, മറിച്ച് പാര്‍ട്ടിയുടെ നയപരമായ തീരുമാനമാണ് അന്തിമമെന്ന് ദീപാ ദാസ് മുന്‍ഷി ഓര്‍മ്മിപ്പിച്ചു.

കെ. സുധാകരന്‍ വീണ്ടും കണ്ണൂരില്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള നേതാവില്‍ നിന്നുള്ള പ്രതികരണം. അതേസമയം സ്ഥാനാര്‍ത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നാളെ കെ സുധാകരനെ കാണുമെന്നാണ് വിവരം. കാസര്‍കോട് ഡിസിസിയിലെ കത്ത് വിവാദത്തെക്കുറിച്ചും ദീപാ ദാസ് മുന്‍ഷി പ്രതികരിച്ചു. തനിക്ക് ഇതുവരെ അത്തരത്തിലുള്ള കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നും തൃക്കരിപ്പൂര്‍ സീറ്റിനെ ചൊല്ലി പ്രചരിക്കുന്ന കത്തുകളെക്കുറിച്ച് അറിവില്ലെന്നും അവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക