
കൊച്ചി: കൊച്ചിയിൽ വിശക്കുന്നവർക്ക് കരുതലായി കോർപറേഷൻ്റെ ആദ്യ ഇന്ദിര കാൻ്റീൻ തുറന്നു. കോർപറേഷൻ്റെ ഇടപ്പള്ളി സോണൽ ഓഫീസ് പരിസരത്താണ് ഇന്ദിര കാൻ്റീൻ ഒരുങ്ങിയത്. 50 രൂപയ്ക്ക് മൂന്ന് നേരത്തെ ഭക്ഷണം ലഭ്യമാക്കിയാണ് കോർപറേഷൻ സാധാരണക്കാരന്റെ ഭക്ഷ്യസുരക്ഷയ്ക്കായി പുത്തൻ കാൽവെപ്പ് നടത്തിയത്.
പ്രഭാത ഭക്ഷണവും അത്താഴവും 10 രൂപയ്ക്കും ഉച്ചഭക്ഷണം 30 രൂപയ്ക്കുമാണ് ഇന്ദിര കാൻ്റീനിൽ ലഭ്യമാകുക.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ദിര കാന്റീൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി കോർപറേഷനിൽ അധികാരത്തിലെത്തിയ കോൺഗ്രസ് ഭരണസമിതി 50 ദിന കർമപരിപാടികളിൽ ഉൾപ്പെടുത്തിയാണ് ഇന്ദിര കാൻ്റീൻ ആരംഭിച്ചത്.
കോൺഗ്രസ് സർക്കാർ കർണാടകത്തിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് ഇന്ദിര കാൻ്റീൻ. ബെംഗളൂരുവിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിര കാൻ്റീനുകളിൽനിന്ന് നിരവധി പേരുടെ വിശപ്പടക്കുന്നുണ്ട്.
ആദ്യ ഇന്ദിര കാൻ്റീൻ പ്രവർത്തനമാരംഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് കൊച്ചി മേയർ വികെ മിനിമോൾ പറഞ്ഞു. 50 ദിവസത്തെ കർമപദ്ധതി പ്രഖ്യാപിക്കുമ്പോൾ ഇന്ദിര കാൻ്റീൻ ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. സമൃദ്ധി ഉച്ചഭക്ഷണം മാത്രമാണ് നൽകുന്നത്. രാവിലെയും വൈകിട്ടും കൂടി ഭക്ഷണം നൽകുക എന്ന ആഗ്രഹത്തിൽ നിന്നാണ് ഇന്ദിര കാൻ്റീൻ ആരംഭിക്കാനുള്ള തീരുമാനമെടുത്തതെന്നും മേയർ പറഞ്ഞു.