
ഇറാന്റെ ക്രൂഡ് ഓയിൽ ഒട്ടുമിക്കവാറും കയറ്റുമതി ചെയ്യുന്ന സുപ്രധാനമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച്ച അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ കിരീടത്തിലെ രത്‌നമായ ഖാർഗിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. “അവയും ആക്രമിക്കാൻ മടിക്കില്ല.”
യുഎസുമായി സഹകരിക്കുന്ന മേഖലയിലെ എല്ലാ എണ്ണ-ഊർജ ആസ്തികളും ആക്രമണത്തിന് ഇരയാവുമെന്നു ഉടൻ പ്രതികരിച്ച ഇറാന്റെ അൽ ആൻബിയ സൈനിക ആസ്ഥാനം പറഞ്ഞു. ഗൾഫ് രാജ്യങ്ങളുടെ എണ്ണ ആസ്തികളെ പരാമർശിക്കുന്ന ഭീഷണിയിൽ വ്യക്തമാക്കുന്നത് അവ 'ഉടൻ ചുട്ടു ചാരമാക്കും' എന്നാണ്.
മേഖലയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത ബോംബിങ്ങാണ് യുഎസ് സൈന്യം ഖാർഗിൽ നടത്തിയതെന്നു ട്രംപ് പറഞ്ഞു. "എന്നാൽ മാന്യതയുടെ പേരിൽ എണ്ണപ്പാടങ്ങൾ ഒഴിവാക്കി. അതേ സമയം, ഹോർമൂസ് കടലിടുക്കിൽ ഗതാഗതം തടഞ്ഞാൽ ഞാൻ ഈ തീരുമാനം പുനഃപരിശോധിക്കും."
ഖാർഗിലെ എണ്ണ കേന്ദ്രങ്ങൾ ഒഴിവാക്കിയത് ഗൾഫിൽ തിരിച്ചടി കിട്ടുമെന്ന ഭയം കൊണ്ടാണെന്നു നിരീക്ഷകർ പറയുന്നു.
പുട്ടിന്റെ നിർദേശം തള്ളി
അതിനിടെ, ഇറാന്റെ യുറേനിയം ശേഖരം റഷ്യയിലേക്കു നീക്കമെന്ന പ്രസിഡന്റ് പുട്ടിന്റെ നിർദേശം ട്രംപ് തള്ളിക്കളഞ്ഞുവെന്നു 'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാനാണ് പുട്ടിൻ ഈ നിർദേശം വച്ചത്.
യുഎസ് മിഡിൽ ഈസ്റ്റിലേക്കു 2,500 മറീനുകൾ ഉൾപ്പെടെ 5,000 സൈനികരെ കൂടി അയക്കുമെന്നു എൻ ബി സി റിപ്പോർട്ട് ചെയ്തു. സൈനിക നടപടികൾ വ്യാപിപ്പിക്കാനാണ് നീക്കം.
ഇറാന്റെ പരമാധികാരി മുജ്‌തബ ഖമേനായിയെ പിടിക്കാൻ വിവരം നൽകുന്നവർക്ക് യുഎസ് അതിനിടെ $10 മില്യൺ പ്രതിഫലം പ്രഖ്യാപിച്ചു.
US bombs military facilities in Iran's Kharg