
മിഷിഗണിൽ സിനഗോഗിന്റെ സ്കൂൾ ആക്രമിക്കാനുള്ള ശ്രമത്തിൽ വെടിയേറ്റു മരിച്ചയാൾ ലെബനീസ് വംശജനായ അയ്മാൻ മുഹമ്മദ് ഗസാലി (41) ആണെന്നു അധികൃതർ സ്ഥിരീകരിച്ചു. യുഎസ് പൗരനായ അദ്ദേഹത്തിന്റെ ഉറ്റ ബന്ധുക്കൾ ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നു റിപ്പോർട്ടുണ്ട്.
മിഷിഗണിലെ ഡിട്രോയിറ്റ് പ്രാന്തപ്രദേശത്തു വെസ്റ്റ് ബ്ലൂംഫീൽഡ് പട്ടണത്തിലെ പ്രീസ്കൂളിലാണ് വ്യാഴാഴ്ച്ച ബോംബുകളും മറ്റു ആയുധങ്ങളും നിറച്ച ട്രക്ക് ഗസാലി ഓടിച്ചു കയറ്റിയത്. സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് അയാൾ കൊല്ലപ്പെട്ടതിനാൽ സ്കൂളിലെ 140 കുട്ടികളും അധ്യാപകരും രക്ഷപെട്ടു.
വെടിവയ്‌പിനിടയിൽ വാഹനത്തിനു തീപിടിച്ചതു മൂലം ഗസാലിയുടെ ജഡം കത്തിക്കരിഞ്ഞിരുന്നു. സിനഗോഗിൽ നിന്നു 20 മിനിറ്റ് കൊണ്ട് എത്താവുന്ന മുസ്‌ലിം സമൂഹമായ ഡിയർബോൺ ഹൈറ്റ്സിൽ താമസിച്ചിരുന്ന ഗസാലിയുടെ ബന്ധുക്കൾക്കായി അവിടത്തെ മസ്‌ജിദിൽ വെള്ളിയാഴ്ച്ച നമസ്‌കാരം നടത്തി.
ടെമ്പിൾ ഇസ്രയേൽ എന്ന സിനഗോഗിൽ ആക്രമണം നടത്തുന്നതിനു രണ്ടു മണിക്കൂർ മുൻപ് ഗസാലി സമീപത്തു വാഹനത്തിൽ കാത്തിരുന്നു എന്നാണ് അധികൃതർ പറയുന്നത്.
യഹൂദരും അറബ്-മുസ്‌ലിം സമൂഹങ്ങളും ഒന്നു പോലെ വിദ്വേഷ ഭീഷണി നേരിടുന്ന സമയമാണിതെന്നു മേയർ മോ ബെയ്‌ഡോൺ പറഞ്ഞു. ഗസാലിയുടെ സഹോദരൻ ഇബ്രാഹിമും രണ്ടു മക്കളും ലെബനനിൽ കൊല്ലപ്പെട്ടുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇബ്രാഹിമിന്റെ ഭാര്യക്കു ഗുരുതരമായി പരുക്കേറ്റു. കാസിം എന്ന മറ്റൊരു സഹോദരനും അവരുടെ വീടാക്രമിച്ചപ്പോൾ മരിച്ചു.
Michigan attacker lost brothers in Lebanon attack