Image

ഉള്ളിയിലെ നെഗറ്റീവ് എനർജി: 'അടിസ്ഥാനമില്ലാത്ത ഹർജികൾ കോടതിയുടെ സമയം കളയുന്നു'; ഹർജിക്കാരനെ വിരട്ടി സുപ്രീം കോടതി

Published on 13 March, 2026
ഉള്ളിയിലെ നെഗറ്റീവ് എനർജി: 'അടിസ്ഥാനമില്ലാത്ത ഹർജികൾ കോടതിയുടെ സമയം കളയുന്നു'; ഹർജിക്കാരനെ വിരട്ടി സുപ്രീം കോടതി

ന്യൂഡൽഹി: ഉള്ളിയിൽ നെഗറ്റീവ് എനർജി ഉണ്ടെന്നും അതിനെക്കുറിച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ സച്ചിൻ ഗുപ്ത സമർപ്പിച്ച 5 പൊതു താത്പര്യ ഹർജികളാണ് സുപ്രീം കോടതി തള്ളിയത്.

നിസാരവും അടിസ്ഥാന രഹിതവുമായ ഹർജികളാണ് ഇവയെന്ന്  കോടതി നിരീക്ഷിച്ചു. നിങ്ങൾ ഈ ഹർജികളെല്ലാം അർധരാത്രിയിലാണോ തയാറാക്കുന്നതെന്ന് ചോദിച്ച കോടതി, വിലപ്പെട്ട സമയം മെനക്കെടുത്തരുതെന്നും അഭിഭാഷകനോട് പറഞ്ഞു.

പരമ്പരാഗതമായി  ഉള്ളി,  വെളുത്തുള്ളി എന്നിവ ഒഴിവാക്കുന്ന ജൈന സമൂഹത്തിന്‍റെ ഭക്ഷണരീതികളെ പരാമർശിച്ചുകൊണ്ടായിരുന്നു ഹർജി. എന്നാൽ ഇതിനെ രൂക്ഷമായി വിമർശിച്ച കോടതി ജൈന സമുദായത്തിന്‍റെ വികാരങ്ങളെ എന്തിനാണ് വ്രണപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ചോദിച്ചു.

എന്നാൽ ഈ വിഷയം കൂടുതൽ ആശങ്കാജനകമാണെന്നാണ് ഹർജിക്കാരന്‍റെ വാദം. ഭക്ഷണത്തിൽ ഉള്ളി ഉപയോഗിച്ചതിന്‍റെ പേരിൽ ഗുജറാത്തിൽ വിവാഹ മോചനം നടന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കടുത്ത അതൃപ്തി പ്രകടിപ്പിച്ച ബെഞ്ച് ഭാവിയിൽ സമാനമായ ഹർജികൾ  ഫയൽ ചെയ്യരുതെന്നും അഭിഭാഷകനോട് നിർദേശിച്ചു.

മദ്യവും പുകയിലയും നിയന്ത്രിക്കണം എന്ന ഹർജി പരിഗണിക്കവെ, "മദ്യം ശരീരത്തിന് ഹാനികരമാണെന്ന് കുപ്പിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അത് വായിച്ചിട്ടും ആളുകൾ കുടിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ എന്ത് ചെയ്യാനാണ്? ഇനി മദ്യക്കുപ്പിക്കൊപ്പം ഡോക്ടറുടെ കുറിപ്പടി കൂടി വേണമെന്നാണോ നിങ്ങൾ പറയുന്നത്?" എന്ന് കോടതി പരിഹസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക