
തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനാ നേതാക്കളില്‍ പലരും ലഹരിക്ക് അടിമകളെന്ന പ്രസ്താവനയുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. ക്യാംപസുകളില്‍ അലമ്പുണ്ടാക്കുന്നവരും അധ്യാപകരെ തടഞ്ഞുവെക്കുന്നവരും തെമ്മാടികളാണെന്നും ഇത്തരക്കാരല്ല നാടിന്റെ കരുത്തെന്നും വി സി വിമര്‍ശിച്ചു.
ലഹരി പരിശോധന നടത്താന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. പരിശോധന നടത്തിയാല്‍ എത്ര പേര്‍ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. വെറുതെ അലമ്പ് ഉണ്ടാക്കുന്നവര്‍, ബസ്സിന് കല്ലെറിയുന്നവര്‍, റോഡില്‍ ടയര്‍ കത്തിക്കുന്നവര്‍, അധ്യാപകരെ ഖരാവോ ചെയ്യുന്നവര്‍ എന്നിവരൊന്നുമല്ല നാടിന്റെ ഭാവി.
ഇന്നത്തെ യുവത്വം നല്ല വഴിയിലേയ്ക്ക് നടക്കുമ്പോള്‍ അവരെയാണ് മാതൃകയാക്കേണ്ടത്. വിദ്യാര്‍ത്ഥി നേതാക്കളായ ചില ഗുണ്ടകള്‍ തന്നെ ഖരാവോ ചെയ്യുന്നു. ഇത്തരം തെമ്മാടികളല്ല സമൂഹത്തിന് മാതൃകയെന്നും വി സി അധിക്ഷേപിച്ചു.
ഇതേസമയം കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സാമൂഹ്യ മാലിന്യമാണെന്നാണ് എസ്എഫ്ഐയുടെ പ്രതികരണം . വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പലരും ലഹരിക്ക് അടിമകളെന്ന പ്രസ്താവന വി സി നടത്തിയതിന് പിന്നാലെയാണ് എസ്എഫ്ഐയുടെ പ്രതികരണം.
നിങ്ങള്‍ക്കിത് അന്ത്യശാസനമാണെന്നും ഇനി മര്യാദകേട് ആവര്‍ത്തിക്കരുതെന്നുമാണ് എസ്എഫ്ഐയുടെ മുന്നറിയിപ്പ്. വ്യക്തിവിരോധത്തിന് മുകളില്‍ നടത്തുന്ന ആക്ഷേപങ്ങള്‍ വി സിയെന്ന കസേരയുടെ നിലവാരം കളയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
കേരള വി സി നിരന്തരമായി വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരെ അപമാനിക്കുന്നു. വി സിയുടെ വര്‍ഗീയതയും തോന്നിവാസവും സര്‍വകലാശാലയില്‍ നടത്താന്‍ അനുവദിക്കാത്തതിന്റെ ചൊരുക്കാണിത്. സമരങ്ങളോടുള്ള അസഹിഷ്ണുത പച്ചക്കള്ളമായി നാക്കില്‍ നിന്ന് പുറത്തുവരുന്നു. ഇനിയും ഇത്തരം പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ആര്‍എസ്എസിന്റെയും ലോക്ഭവന്റെയും സംരക്ഷണം മതിയാകാതെ വരുമെന്നും എസ്എഫ്ഐ പ്രതികരിച്ചു.