Image

മൊജ്‌തബ ഖമനേയി കോമയിലെന്ന് റിപ്പോർട്ടുകൾ; ആക്രമണത്തിൽ ഗുരുതര പരിക്കേറ്റതായി സൂചന

Published on 13 March, 2026
മൊജ്‌തബ ഖമനേയി  കോമയിലെന്ന് റിപ്പോർട്ടുകൾ; ആക്രമണത്തിൽ  ഗുരുതര പരിക്കേറ്റതായി സൂചന

ടെഹ്‌റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവ്  മൊജ്തബ ഖമനേയി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ മൊജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം ഇപ്പോൾ കോമയിലാണെന്നുമാണ് പുറത്തുവരുന്ന വിവരം.

ബ്രിട്ടീഷ് പത്രമായ 'ദി സൺ' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ആക്രമണത്തിൽ മൊജ്തബയുടെ ഒരു കാലോ അല്ലെങ്കിൽ രണ്ട് കാലുകളോ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ കരളിനും വയറിനും ഗുരുതരമായ പരിക്കേറ്റതായും പറയപ്പെടുന്നു.


ടെഹ്‌റാനിലെ സിന യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ  അതീവ സുരക്ഷാ വലയത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വാർഡ് പൂർണ്ണമായും സീൽ ചെയ്തിരിക്കുകയാണ്.

ഇതേസമയം  ഖമനേയി  സുരക്ഷിതനാണെന്നും നിസാര പരിക്കുകൾ മാത്രമേയുള്ളൂ എന്നുമാണ് ഇറാൻ ഔദ്യോഗികമായി അറിയിക്കുന്നത്.

ഫെബ്രുവരി 28ന് പിതാവ് 86 കാരൻ ഖമനേയി കൊല്ലപ്പെട്ട ആക്രമണത്തിലാണോ മൊജ്‌തബയ്ക്കും പരിക്കേറ്റതെന്ന് വ്യക്തമല്ല.

 ആഗോള ഊർജ്ജ വിപണിക്ക് പ്രശ്‌നങ്ങളുണ്ടാക്കിയ ഇറാന്റെ യുദ്ധതന്ത്രത്തിന് മൊജ്‌തബ ഇപ്പോൾ നേതൃത്വം നൽകുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു.

അതിനിടെ ഖമനേയി അധികാരം ഏറ്റെടുത്ത ശേഷം ആദ്യ പ്രസ്‌താവനയെന്ന് വിശേഷിപ്പിച്ച് സ്‌റ്റേറ്റ് ടെലിവിഷൻ ചില കാര്യങ്ങൾ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്‌തിരുന്നു. ഇത് നേതൃ സാന്നിദ്ധ്യം നിലനിർത്താനുള്ള ശ്രമമായാണ് പലരും വിലയിരുത്തുന്നത്. എന്തെന്നാൽ മൊജ്‌തബയുടെ പ്രസ്‌താവന വായിച്ചത് വാർത്താ അവതാരകനായിരുന്നു, അദ്ദേഹം നേരിട്ടായിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക