
പാത്രങ്ങൾ എടുത്തുകൊണ്ടുപോയി കഴുകുമ്പോൾ സുമയ്ക്കു ദേക്ഷ്യം ഇരട്ടിക്കുകയായിരുന്നു. എന്താണ് ഈ രാജൂച്ചായന്? ഇങ്ങനെയുണ്ടോ ഒരു കൂറ്? ഇപ്പോൾ ദേ തൻറെ സഹോദരന് ജോലിയും അവരുടെ കീഴിൽ തന്നെ കണ്ടു വെച്ചിരിക്കുന്നു.
വന്നു കയറിയ അന്ന് മുതൽ കേൾക്കുന്നതാണ് അയൽക്കാരുടെ മഹിമ! അവറാച്ചനും സാറാക്കുട്ടിയും ആയുള്ള അടുപ്പം തുടങ്ങിയകാലം മുതലുള്ള കഥകൾ റീത്താമ്മ വിസ്തരിക്കാത്ത ഒരു ദിവസം പോലും സുമയുടെ ഓർമയിൽ ഇല്ല. തൊട്ടടുത്തുള്ള ചെറിയ വീട്ടിൽ വാടകക്കാരായി അവർ വരുമ്പോൾ രണ്ടു വീട്ടിലെയും കുട്ടികൾ ചെറുതായിരുന്നു. രാജീവനും, രാജുവും, സൂസനും, എബിയും ഒരേ സ്‌കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്. വത്സ അന്ന് കൈക്കുഞ്ഞായിരുന്നു.
കോളേജ് അധ്യാപകനായിരുന്നു ജോർജ്, ഫോട്ടോഗ്രാഫി കമ്പക്കാരനും. ഒരു വെള്ളച്ചാട്ടത്തിൻറെ ചിത്രം പകർത്തുന്നതിനിടയിൽ കാലു തെറ്റി വെള്ളത്തിലേക്ക് വീണു പോയ അയാളുടെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടു. ഒരുപാടു ചികിത്സകൾ നടത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ല. അങ്ങനെ സാഹസികനായ ആ ഫോട്ടോഗ്രാഫറുടെ കാമറക്കണ്ണുകൾ കിടക്കമുറിയിലേക്കു ഒതുങ്ങി.
ഒട്ടേറെ ഭൂസ്വത്തിനു ഉടമയായിരുന്നു അയാൾ അന്ന്. പക്ഷെ ചികിത്സയ്ക്കായി അത് മിക്കവാറും വിൽക്കേണ്ടി വന്നപ്പോൾ, മെല്ലെ മെല്ലെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും കുടുംബ ചിലവുകളെയും അത് ബാധിക്കുമെന്ന നില വന്നപ്പോൾ അയാൾ വേവലാതിപ്പെട്ടു തുടങ്ങി.
അവറാച്ചൻറെ ബിസിനസ് അന്ന് ഇത്രയൊന്നും വളർന്നിരുന്നില്ല. എന്നല്ല, കഷ്ടപ്പാടിൻറെ ദിവസങ്ങളായിരുന്നു അവറാച്ചന്. ഉണ്ണാനും ഉറങ്ങാനും നേരമില്ലാതെ, ഓടിനടക്കണമായിരുന്നു അന്നൊക്കെ. അതിനിടയിലും അയാൾ സമയം കണ്ടെത്തുമായിരുന്നു ജോർജിനെ സന്ദർശിക്കാനും, കാര്യങ്ങൾ അന്വേഷിക്കാനും. തീരെ സമയം കിട്ടാതെ വന്നപ്പോൾ അയാളുടെ സന്ദർശനങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും, സാറാക്കുട്ടി ക്രമമായി എത്തിക്കൊണ്ടിരുന്നു, ആ വീട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും കൈത്താങ്ങായി.
അയൽക്കാരൻറെ സാമ്പത്തിക പരാധീനതകൾ എറിയേറി വരുന്നത് കണ്ടപ്പോൾ അവറാച്ചൻ രാജുവിനു തൻറെ സ്‌ഥാപനത്തിൽ മാനേജരായി ജോലി കൊടുത്തു. അന്ന് ആ കുടുംബത്തിന് ആ വരുമാനം ഒരു വലിയ ആശ്വാസമായിരുന്നു.
തറവാടികളായ ജോർജിൻറെയും റീത്താമ്മയുടെയും വീട്ടുകാർ 'എങ്ങാണ്ടും നിന്ന് വന്നവൻറെ കീഴിൽ ജോലിക്കു പോകുന്നു' എന്ന് ആക്ഷേപിച്ചെങ്കിലും ജോർജും കുടുംബവും വകവെച്ചില്ല. ആവശ്യത്തിൽ ഉപകരിക്കാത്തവരുടെ വാക്കുകൾക്ക് എന്തിനു ചെവികൊടുക്കണം?
രാജുവിൻറെ പഠിപ്പു ഇടയ്ക്കു വെച്ച് നിർത്തേണ്ടി വന്നതിൽ ജോർജിന് കുണ്ഠിതമുണ്ടായിരുന്നു എങ്കിലും സാഹചര്യങ്ങളുടെ സമ്മർദം മൂലം അയാൾക്ക് മൗനം പാലിക്കുകയെ നിർവാഹമുണ്ടായിരുന്നുള്ളൂ. പക്ഷെ രാജുവിന് അതിൽ തെല്ലും സന്തോഷക്കുറവില്ലായിരുന്നു. പഠിപ്പിൽ സ്വതേ ഉഴപ്പനായ അയാൾക്ക് അതൊരു വലിയനഷ്ടമായി തോന്നിയതേയില്ല എന്നതാണ് സത്യം.
എന്നാൽ സമർഥനായ തൻറെ സഹോദരനെ പഠിപ്പിക്കുന്നതിൽ അയാൾ ഏറെ ശുഷ്‌കാന്തി കാണിച്ചു. എബിയെ മെഡിസിന് പഠിപ്പിച്ചു, ഡോക്ടറാക്കി. എബി വൽസയെ വിവാഹം കഴിക്കണമെന്ന് ഒരു ആഗ്രഹം ആരും അറിയാതെ അയാൾ ഉള്ളിൻ്റെയുള്ളിൽ വളർത്തിയിരുന്നു. അയാൾ മാത്രമല്ല, ആ വീട്ടിൽ എല്ലാവരും. പക്ഷെ, വത്സ വിവാഹപ്രായം എത്തിയപ്പോഴേക്കും കുടുംബങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം ഏറെയായിരുന്നു. അവറാച്ചൻറെ നെയ്ത്തുശാല വളർന്ന്, നഗരത്തിലെ ഏറ്റവും മുന്തിയ വസ്ത്രവ്യാപാരശാലയായി മാറിയിരുന്നു. അവരുടെ പഴയ വാടകവീടിരുന്ന സ്‌ഥലവും, അതിനടുത്തുള്ള ഒന്നു രണ്ടു പ്ലോട്ടുകളും കൂടി വാങ്ങി അവറാച്ചൻ ഒരു ഇരുനില മാളികയും പണി കഴിപ്പിച്ചിരുന്നു.
പോരാത്തതിന്, വത്സ മറ്റൊരാളെ കണ്ടെത്തുകയും ചെയ്തിരുന്നു. ബാഡ്‌മിൻറൺ കോർട്ടിൽ ഒപ്പം കളിക്കാനെത്തിയ സഹപാഠിയെ...
ഈ കഥകൾ സുമയ്ക്കു മനഃപ്പാഠമാണ്. എന്നിട്ടും, ഇത് തന്നെ ദിവസേനെ എന്നോണം കേട്ടാൽ ആർക്കാണ് ശുണ്‌ഠിപിടിക്കാത്തതു?
വനജയുടെയും സുമയുടേയും പിറന്നാൾ ഒരേ ദിവസമാണ്. പക്ഷെ, ജീവിതങ്ങൾ തമ്മിലുള്ള അന്തരമോ? അവളുടെ ആ വീട്ടിലെ ജീവിതവും, തൻറെ ജീവിതവും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ, സുമ ആലോചിച്ചു. താൻ ഇവിടെ വന്ന അന്ന് മുതൽ മാതൃകാമരുമകൾ. അമ്മായിയപ്പൻറെയും, അമ്മായിഅമ്മയുടേയും, അനുജൻറെയും ഭർത്താവിൻറെയും എന്ന് വേണ്ട, ഈ വീട്ടിലെ സകലരുടേയും കാര്യങ്ങൾ നോക്കി നടത്തുന്നവൾ...
പപ്പയും അമ്മച്ചിയും, ഈ വീടിനു പുറത്തുള്ള ലോകം പപ്പയുടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതോടെ ഗേറ്റ് പൂട്ടി പുറത്താക്കിയതാണ്. ഈ വീടും ഈ പറമ്പും ആണ് അവരുടെ ലോകം, അല്ല, അവരുടെ സ്വർഗം. അതിനപ്പുറത്തേക്കുള്ളതൊന്നും അവർക്കു വിഷയമല്ല. അവർക്കു പ്രിയമുള്ളതിനെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ മാത്രമേ ഏദൻ ഗാർഡൻസിൻറെ ഗേറ്റ് തുറക്കപ്പെടാറു ള്ളൂ.
ദോഷം പറയരുതല്ലോ സ്‌നേഹത്തോടെയല്ലാതെ ഈ വീട്ടിൽ ഒരാളും ഒരു വാക്കുപോലും തന്നോട് പറഞ്ഞിട്ടില്ല. ഗർഭാശയത്തിൻറെ തകരാറുമൂലം തനിക്കു കുട്ടികൾ ഉണ്ടാവില്ല എന്നറിഞ്ഞിട്ടുകൂടി ആരും നോവിക്കുന്ന ഒരു വാക്ക് പറഞ്ഞിട്ടില്ല. ഇടയ്ക്കെങ്കിലും ആരെങ്കിലും ഒന്ന് ഒച്ച ഉയർത്തി സംസാരിക്കുകയെങ്കിലും ചെയ്തെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
സഹിക്കാനാവാത്തത് രാജുച്ചായൻറെ മനോഭാവമാണ്... എല്ലാവരോടും, എല്ലാത്തിനോടും ഉള്ള സ്നേഹം... കരുതൽ. പ്രത്യേകിച്ച്, രാജീവൻറെ വീട്ടുകാരോടുള്ള സ്നേഹം. ഒരു കണക്കിന്, രാജുച്ചായൻറെ കൂടി പ്രയത്‌നഫലമാണ് ആ കമ്പനി ഇത്രയും വളർന്നത്. എന്നിട്ടും, രാജുച്ചായൻറെ സ്‌ഥാനത്തിനു മാത്രം ഒരു ഉയർച്ചയും ഇല്ലാതെ.... ഉയർന്ന സ്‌ഥാനങ്ങൾക്കു വേണ്ടുന്ന വിദ്യാഭ്യാസയോഗ്യതകൾ ഇല്ല പോലും! എന്തുകൊണ്ടാണ് പ്രീ ഡിഗ്രി പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്? അത് ആരും ഓർത്തെന്നു വരികയില്ല, കുടുംബാംഗങ്ങൾ പോലും....
കാലം കഴിയുന്തോറും, കമ്പനി വളരുംതോറും ആ കുടുംബവുമായുള്ള അന്തരം കൂടുകയാണ്. ഒരു കാലത്തു ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നവരാണ്. എന്നാൽ ഇപ്പോൾ, വിശ്വസ്‌തനായ തൊഴിലാളി എന്നതിൽ കവിഞ്ഞ പരിഗണന രാജീവനിൽ നിന്ന് കിട്ടാറുണ്ടോ? രാജുച്ചായന് അതൊന്നും ഒരു പ്രശ്നമേ അല്ല. വല്ലപ്പോഴും ഇതൊക്കെ ഒന്നോർമിപ്പിക്കാൻ ചെന്നാൽ ദേക്ഷ്യപ്പെടുകയും ചെയ്യും, സുമ ഓർത്തു.
വനജ സ്നേഹത്തോടെയല്ലാതെ ഒരിക്കലും ഇടപെട്ടിട്ടില്ല. എങ്കിലും സുമയ്ക്ക് അവളെ കാണുന്നതുപോലും ഇഷ്ടമില്ലാതെ ആവുകയായിരുന്നു ദിവസങ്ങൾ കഴിയുന്തോറും. വേണ്ടുവോളം പണവും, ആർഭാടവും, സ്നേഹവും സന്തോഷവും എല്ലാം തികഞ്ഞ അവളുടെ ജീവിതം കാണുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ... ഇവിടെയും അത്യാവശ്യം പണത്തിനും ജീവിത സൗകര്യങ്ങൾക്കും കുറവില്ല. എന്നാലും.... പ്രത്യേകിച്ചും, സാറാ ആൻറിയോടൊപ്പം അവളുടെ കുട്ടികൾ വരുമ്പോൾ, പപ്പയും അമ്മച്ചിയും അവരെ ലാളിക്കുമ്പോൾ ഉള്ളിൻറെ ഉള്ളിൽ ഒരു ഭാരം കയറ്റിവെച്ചതുപോലെ സുമയ്ക്ക് തോന്നും. കണ്ണുകളിൽ അറിയാതെ നനവ് പടരും. ഒരിക്കൽ അതുകണ്ട രാജു അവളെ ചേർത്ത് പിടിച്ചു പറഞ്ഞു: 'നമുക്ക് എബിയില്ലേ? മകനായി അവൻ പോരെ?' ആ സാന്ത്വനം അവളെ ചൊടിപ്പിച്ചതേയുള്ളൂ.
രാജുവും എബിയും തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ട്; എന്ന് പറഞ്ഞു, അനുജൻ മകനാവുമോ?
ശരിയാണ്. രാജു ജോലി ചെയ്താണ് അവനെ പഠിപ്പിച്ചത്. പക്ഷെ എബി ഇന്ന് അറിയപ്പെടുന്ന ഒരു ഡോക്ടറാണ്: അവൻറെ ഭാര്യ കോടീശ്വരനായ ബിസിനസുകാരൻറെ മകളും. സമൂഹത്തിൽ അവർക്കു കിട്ടുന്ന അംഗീകാരം ഒരിക്കലും തങ്ങൾക്കു കിട്ടുകയില്ല എന്ന് അവൾക്കു നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് ബീനയോടു അടുക്കാൻ ശ്രമിച്ചവരെ നിരുത്സാഹപ്പെടുത്തിയതും, 'മനോരോഗി' എന്ന് പരിചയക്കാർ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോൾ തിരുത്താൻ പോകാഞ്ഞതും. എല്ലാവരും അകലം പാലിച്ചു. സ്വതേ അന്തർമുഖയായ ബീന അവളുടെ മുറിയിലേക്ക് ഒതുങ്ങി.
വീട്ടുജോലികളിൽ സഹായിക്കാൻ, വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ അവൾ വന്നപ്പോൾ തന്നെ പറഞ്ഞു: 'അതൊക്കെ ജോലിക്കാരി ചെയ്തുകൊള്ളും. അത്യാവശ്യത്തിനുള്ള ജോലിക്കാർ ഇവിടെ ഉണ്ട്. എന്തെങ്കിലും പ്രത്യേകിച്ച് വേണമെങ്കിൽ പറഞ്ഞാൽ മതി, ജോലിക്കാരി മുറിയിൽ എത്തിച്ചു തരും.'
'ഏയ്. എനിക്ക് പ്രത്യേകിച്ച് ഒന്നും വേണ്ട. ഇവിടെ ഉള്ളത് മതി.' ബീനയുടെ മറുപടി.
'ങും... എങ്കിൽ മുറിയിലേക്ക് പൊയ്ക്കോളൂ. പപ്പാ വയ്യാതെ കിടക്കുന്നതു കൊണ്ട് ഒച്ചയും ശബ്ദവും ഒന്നും ഇഷ്ടമല്ല...'
ബീന പിന്നെ ഒരിക്കലും വീട്ടുകാര്യങ്ങളിൽ ഇടപെടാൻ വന്നില്ല. വീട്ടുകാര്യങ്ങളിൽ മാത്രമല്ല, ഒന്നിലും. അവൾ കുറേക്കൂടി തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി.
സുമയ്ക്കു അതായിരുന്നു വേണ്ടതും.
Read More: https://www.emalayalee.com/writer/69