Image

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; ഇരുസഭകളിലും നോട്ടീസ് നല്‍കി പ്രതിപക്ഷം

Published on 13 March, 2026
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; ഇരുസഭകളിലും നോട്ടീസ് നല്‍കി പ്രതിപക്ഷം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം പാർലമെന്റിൽ നോട്ടീസ് നൽകി. പാർലമെന്റിന്റെ ഇരുസഭകളിലുമായി 193 എംപിമാർ ഒപ്പിട്ട നോട്ടീസാണ് സമർപ്പിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് (ടിഎംസി) നീക്കത്തിന് മുൻകൈയെടുത്തത്.

130 ലോക്സഭാംഗങ്ങളും 63 രാജ്യസഭാംഗങ്ങളും നോട്ടീസിൽ ഒപ്പിട്ടതായി മുതിർന്ന ടിഎംസി എംപി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. 17 പ്രതിപക്ഷ പാർട്ടികളാണ് ഇംപീച്ച്മെന്റ് നീക്കത്തെ പിന്തുണച്ചത്. നോട്ടീസ് അവതരിപ്പിക്കാൻ ലോക്സഭയിൽ 100 എംപിമാരുടെയും രാജ്യസഭയിൽ 50 എംപിമാരുടെയും ഒപ്പുകളാണ് വേണ്ടത്.

പക്ഷപാതപരമായ പെരുമാറ്റം, വിവേചനപരമായ നടപടികൾ, എസ്ഐആറിലൂടെ ലക്ഷക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാർ സുപ്രീം കോടതി ഉത്തരവുകൾ ലംഘിച്ചതായും തിരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തടസ്സപ്പെടുത്തിയെന്നും കമ്മീഷന്റെ സ്വതന്ത്ര സ്വഭാവം തകർത്തുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകിയത് എന്നത് ശ്രദ്ധേയമാണ്. നിലവിൽ എൻഡിഎയ്ക്ക് ഇരുസഭകളിലും വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ നീക്കം പ്രായോഗികമായി വിജയിക്കാൻ സാധ്യതയില്ലെങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കാൻ ഈ പ്രതീകാത്മക നീക്കത്തിലൂടെ പ്രതിപക്ഷത്തിന് സാധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക