
മിഡിൽ ഈസ്റ്റ് യുദ്ധം 13 ദിവസമെത്തിയ വ്യാഴാഴ്ച്ച ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ആക്രമണങ്ങൾ ശക്തമാക്കി. യുഎസിനു നൽകിയ താവളങ്ങളിൽ ആക്രമണം തുടങ്ങിയ ഇറാൻ അത് എണ്ണ കേന്ദ്രങ്ങൾ, വ്യവസായ മേഖലകൾ, വമ്പൻ കമ്പനികൾ, ബാങ്കുകൾ തുടങ്ങിയവയിലേക്കും വ്യാപിപ്പിച്ചു.
യുദ്ധത്തിന്റെ നടുവിൽ പെട്ട ഗൾഫിൽ ഇതു വരെ 24 പേർ മരിച്ചതായാണ് കണക്ക്. ഏഴു യുഎസ് സൈനികരും 11 സിവിലിയന്മാരും അതിൽ ഉൾപ്പെടുന്നു.
വ്യാഴാഴ്ച്ച ദുബായ്‌യുടെ ഡൗൺടൗൺ മേഖലയിൽ ഷെയ്ഖ് സായിദ് റോഡിലുള്ള ഒരു ബഹുനില കെട്ടിടത്തിൽ ഫ്ലാറ്റിനുള്ളിൽ ഡ്രോണിന്റെ ചീളുകൾ പതിച്ചു. ദൃശ്യങ്ങളിൽ കെട്ടിടത്തിൽ വലിയൊരു ദ്വാരം കാണാം. ആളപായമില്ല.
അതിനു ഒരു മണിക്കൂർ മുൻപ് അൽ ബദ മേഖലയിൽ ഒരു ഡ്രോണിന്റെ ഭാഗങ്ങൾ വീണു.
ദുബായ് ക്രീക്ക് ഹാർബറിൽ ബുധനാഴ്ച്ച രാത്രി ആക്രമണമുണ്ടായെന്നു മീഡിയ ഓഫിസ് അറിയിച്ചു. ആളപായമില്ല.
ദുബായ്‌യുടെ ഹൃദയഭാഗമാണ് ഡൗൺടൗൺ ദുബായ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ, ദുബായ് മാൾ, ദുബായ് ഫൗണ്ടൻ ഇവയൊക്കെ ഈ മേഖലയിലാണ്.
ദുബായ് വിമാനത്താവളം ഒട്ടേറെ ഫ്ലൈറ്റുകൾ മുടക്കിയാണ് പ്രവർത്തനം തുടരുന്നത്. ആകാശം സുരക്ഷിതമല്ല എന്നതിനാൽ ലുഫ്ത്താൻസ ഞായറാഴ്ച്ച വരെ ഫ്ലൈറ്റുകൾ റദ്ദാക്കി. എയർ ഫ്രാൻസും മാർച്ച് 12 വരെ ഫ്ലൈറ്റുകൾ നിർത്തി. എമിറേറ്സ്, ഫ്‌ളൈദുബായ് എന്നിവ പറക്കുന്നുണ്ട്.
സിറ്റിബാങ്ക്, സ്റ്റാൻചാർട് എന്നിവ ദുബായ് ഓഫിസുകൾ അടച്ചിട്ടു സ്റ്റാഫിനോടു വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദേശിച്ചു. സാമ്പത്തിക സിരാ കേന്ദ്രത്തിൽ ബാങ്കിങ് സർവീസുകൾ തടസപ്പെട്ടു.
ദുബായ് ഉൾപ്പെടെ യു എ എയിൽ വ്യാഴാഴ്ച്ച ഈദ് ഉൽ ഫിത്തർ ഒഴിവ് ആരംഭിച്ചു. തിങ്കളാഴ്ച വരെ മുടക്കമാണ്.
യുഎസ്, ഇസ്രയേലി ബന്ധമുള്ള സാമ്പത്തിക, ബാങ്കിങ് സ്ഥാപനങ്ങളെ ആക്രമിക്കുമെന്ന് ഇറാന്റെ ഖത്തം അൽ ആംബിയ സൈനിക കമാൻഡ് പറഞ്ഞു. ഇറാനിയൻ ബാങ്കിനെ ആക്രമിച്ചതാണ് പ്രകോപനം.
കൺസൾട്ടൻസി ഭീമന്മാരായ പിഡബ്ലിയുസി, ഡിലോയിറ്റ് എന്നിവ ദുബായ് ബിസിനസ് ഡിസ്ട്രിക്ട് ഒഴിഞ്ഞു.
ഖത്തറിൽ എച്എസ്ബിസി അടച്ചു.
വെബ്സൈറ്റ് ഹാക്ക് ചെയ്തു
ഇറാനുമായി ബന്ധപ്പെട്ട ഹണ്ടല എന്ന ഹാക്കർ ഗ്രൂപ് യുഎസിന്റെ സ്‌ട്രൈക്കർ കോർപറേഷൻ എന്ന മിഷിണഗിലെ മെഡിക്കൽ ഉപകരണ കമ്പനിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇറാനിലെ മിനബിൽ സ്കൂൾ ആക്രമിച്ചു 180 പെൺകുട്ടികളെ കൊന്നതിനു പ്രതികാരമാണിതെന്നു അവർ വ്യക്തമാക്കി.
യുഎസ് കമ്പനിയുടെ മൈക്രോസോഫ്റ്റ് സിസ്റ്റം ഉപയോഗിക്കുന്ന ആയിരക്കണക്കിനു ജീവനക്കാരെ അതു ബാധിച്ചു. എപ്പോഴാണ് തകരാർ പരിഹരിക്കാൻ കഴിയുക എന്നു പറയാനാവില്ലെന്നു കമ്പനി അറിയിപ്പിൽ പറഞ്ഞു.
Iran expands attacks in Gulf