Image

മേരിലാന്‍ഡ് തിരഞ്ഞെടുപ്പ്: സ്റ്റെനി ഹോയറുടെ പിന്‍ഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേര്‍ക്കുനേര്‍

പി പി ചെറിയാന്‍ Published on 12 March, 2026
മേരിലാന്‍ഡ് തിരഞ്ഞെടുപ്പ്: സ്റ്റെനി ഹോയറുടെ പിന്‍ഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേര്‍ക്കുനേര്‍

മേരിലാന്‍ഡ്: റിട്ടയര്‍ ചെയ്യുന്ന മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തില്‍, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാര്‍ത്ഥിയെ തള്ളി മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി രംഗത്തെത്തി. മുന്‍ ക്യാപിറ്റല്‍ പോലീസ് ഓഫീസറായ ഹാരി ഡണ്ണിനാണ്  പെലോസി പിന്തുണ പ്രഖ്യാപിച്ചത്.

നാല് പതിറ്റാണ്ടിലേറെയായി ഹോയര്‍ പ്രതിനിധീകരിക്കുന്ന സീറ്റിലേക്ക് അദ്ദേഹത്തിന്റെ മുന്‍ ക്യാംപെയിന്‍ മാനേജര്‍ അഡ്രിയാന്‍ ബോഫോയെയാണ് ഹോയര്‍ പിന്തുണയ്ക്കുന്നത്. എന്നാല്‍ നാന്‍സി പെലോസി മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ഹാരി ഡണ്ണിന് കൈകൊടുത്തു.

2021 ജനുവരി 6-ലെ ക്യാപിറ്റല്‍ കലാപത്തിനെതിരെ ധീരമായി പോരാടുകയും അതിനെതിരെ സാക്ഷി പറയുകയും ചെയ്തതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഹാരി ഡണ്‍. അദ്ദേഹം ഒരു 'അമേരിക്കന്‍ ഹീറോ' ആണെന്ന് പെലോസി വിശേഷിപ്പിച്ചു.

പതിറ്റാണ്ടുകളായി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ കരുത്തരായ പെലോസിയും ഹോയറും തമ്മിലുള്ള രാഷ്ട്രീയ വടംവലിയുടെ അവസാന അധ്യായമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മുന്‍പും പല ഘട്ടങ്ങളില്‍ ഇവര്‍ വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

മത്സരം പ്രഖ്യാപിച്ച് ആദ്യ എട്ട് ദിവസത്തിനുള്ളില്‍ തന്നെ 10 ലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ഹാരി ഡണ്ണിന് സാധിച്ചു.

ഈ വര്‍ഷം അവസാനം വിരമിക്കാനിരിക്കുന്ന പെലോസിയും ഹോയറും തമ്മിലുള്ള ഈ രാഷ്ട്രീയ പോരാട്ടം മേരിലാന്‍ഡിലെ ഡെമോക്രാറ്റിക് പ്രൈമറിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക