Image

സംസ്ഥാനത്ത് പലയിടത്തും പാചകവാതക ക്ഷാമം ; കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി

Published on 11 March, 2026
സംസ്ഥാനത്ത്  പലയിടത്തും  പാചകവാതക ക്ഷാമം ; കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാചകവാതക ക്ഷാമം അനുഭവപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗാർഹിക കണക്ഷനുകളുടെ ബുക്കിംഗ് ഇടവേള 27 ദിവസമായി പരിമിതപ്പെടുത്തിയതും സ്ഥിതിഗതികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പാചകവാതക ലഭ്യതയിലെ അനിശ്ചിതത്വം സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സേവനമേഖലയെ പോലും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലകൾക്കിടയിൽ യാത്ര ചെയ്യുന്ന തൊഴിലാളികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികളും ഭക്ഷണത്തിനായി പ്രധാനമായും ഈ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഗ്യാസ് ലഭ്യതയിൽ തടസ്സം തുടരുകയാണെങ്കിൽ പല സ്ഥാപനങ്ങൾക്കും പ്രവർത്തനം നിർത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വ്യാപാരരംഗത്തിന്റെ മുന്നറിയിപ്പ്. റമദാൻ മാസം കൂടിയായതിനാൽ കുടുംബങ്ങളുടെ പാചകവാതക ആവശ്യം വർധിക്കുന്ന സമയവുമാണിത്.

സാധാരണ ജനങ്ങളുടെയും വ്യാപാരമേഖലയുടെയും ജീവിതത്തെ ബാധിക്കുന്ന ഈ സാഹചര്യത്തിൽ പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്കും ഹോട്ടലുകൾക്കും ആവശ്യമായ എൽപിജി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ആവശ്യമായാൽ ബജറ്റ് വിഭവങ്ങളിൽ നിന്ന് സബ്സിഡി നൽകി ഒരു സംരക്ഷണ സംവിധാനം ഒരുക്കുന്നതും പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അതേസമയം, ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജിആർ അനിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവർഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുവാൻ മന്ത്രി നിർദ്ദേശം നൽകി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക