
വാഷിംഗ്‌ടൺ: നോർത്ത് കരളിനയിലെ ഫയറ്റ് വില്ലിൽ $150 മില്യൺ ചെലവിൽ വലിയ ക്രിക്കറ്റ് സമുച്ചയം നിർമ്മിക്കാൻ പദ്ധതിയൊരുങ്ങുന്നു. പദ്ധതി പൂർത്തിയായാൽ അമേരിക്കയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കുമതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്റർസ്റ്റേറ്റ് 95-നു സമീപമുള്ള സീഡർ ക്രീക്ക് റോഡിനടുത്തുള്ള പ്രദേശത്ത് ഇതിനായി ഭൂമി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 'യുഎസ് ഓപ്പൺ സ്പോർട്സ് കോംപ്ലക്സ്' എന്ന പേരിലുള്ള ഈ പദ്ധതി ഏകദേശം 75 ഏക്കർ വിസ്തൃതിയിലായിരിക്കും നിർമ്മിക്കുക.
പദ്ധതിയിൽ രണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഉൾപ്പെടും. ഓരോ സ്റ്റേഡിയത്തിലും ഏകദേശം 15,000 കാണികൾക്ക് ഇരിക്കാൻ സൗകര്യമുണ്ടാകും. റെസ്റ്റോറന്റുകൾ, സ്കൈ ലൗഞ്ചുകൾ, വലിയ സ്കോർബോർഡുകൾ എന്നിവയോടുകൂടി അന്താരാഷ്ട്ര മത്സരങ്ങളും വലിയ കായിക-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റേഡിയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്രിക്കറ്റ് മത്സരങ്ങൾക്ക് പുറമേ സംഗീത പരിപാടികളും മറ്റ് കായിക ഇനങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് സമുച്ചയം ഒരുക്കുന്നത്. കൂടാതെ ഫുട്ബോൾ മൈതാനങ്ങൾ, വലിയ ഫിറ്റ്നസ് സെന്റർ, കളിക്കാർക്കായി ഏകദേശം 500 അപാർട്ട്മെന്റുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക വളർച്ചയ്ക്ക് അവസരങ്ങൾ
ഈ പദ്ധതി പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. പ്രദേശവാസികൾക്ക് ഇത് വലിയ തൊഴിൽ-വ്യാപാര സാധ്യതകൾ നൽകുമെന്ന് ക്രിക്കറ്റ് കൗൺസിൽ യുഎസ്എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മഹമ്മദ് ഖുറേഷി അഭിപ്രായപ്പെട്ടു.
ന്യൂയോർക്കും വാഷിങ്ടണും ഉൾപ്പെടെയുള്ള വലിയ നഗരങ്ങൾ പരിഗണിച്ച ശേഷമാണ് ഫയറ്റ് വില്ലിനെ തിരഞ്ഞെടുത്തതെന്ന് ഖുറേഷി പറഞ്ഞു. കാലാവസ്ഥയും ഗതാഗത സൗകര്യവും ഫയറ്റ് വില്ലിനെ അനുയോജ്യമായ സ്ഥലമാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്റർസ്റ്റേറ്റ് 95 കോറിഡോറിനോട് അടുത്തുള്ള സ്ഥാനം ടീമുകൾക്കും പ്രേക്ഷകർക്കും യാത്ര സുഗമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർത്ത് കരളിന എയർബോൺ എന്ന പേരിൽ ഒരു പ്രൊഫഷണൽ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.
ഫയറ്റ് വിൽ മേയർ മിച്ച് കോൾവിൻ ഈ പദ്ധതിയെ നഗരത്തിന്റെ ഭാവിക്ക് വലിയ മുന്നേറ്റമായി വിശേഷിപ്പിച്ചു. ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയവും 150 മില്യൺ ഡോളർ നിക്ഷേപവും നഗരത്തിന് അന്താരാഷ്ട്ര ശ്രദ്ധയും പുതിയ സാമ്പത്തിക അവസരങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി 2027ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സമയത്ത് നിർമാണം പൂർത്തിയായാൽ 2028-ൽ ലോസ് ആഞ്ചലസിൽ നടക്കുന്ന സമ്മർ ഒളിമ്പിക്സുമായി ബന്ധപ്പെട്ട പരിശീലനത്തിനോ വാം-അപ്പ് വേദി ആയോ ഈ സമുച്ചയം ഉപയോഗിക്കാനുള്ള സാധ്യതയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.