Image

വിദേശ സർക്കാരുകൾ യുഎസ് നിയമം ഉപയോഗിച്ച് നടത്തുന്ന ശല്യപ്പെടുത്തൽ തടയാൻ സെനറ്റിൽ ബിൽ

Published on 11 March, 2026
വിദേശ സർക്കാരുകൾ യുഎസ് നിയമം ഉപയോഗിച്ച് നടത്തുന്ന ശല്യപ്പെടുത്തൽ തടയാൻ സെനറ്റിൽ ബിൽ

വാഷിംഗ്‌ടൺ: വിദേശ സർക്കാരുകളും അവരുടെ പ്രതിനിധികളും അമേരിക്കൻ കോടതികളെ ഉപയോഗപ്പെടുത്തി വിമർശകരെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്നതിനുള്ള നിയമനടപടികൾ തടയാൻ യുഎസ് സെനറ്റിൽ ബിൽ അവതരിപ്പിച്ചു.

സെനറ്റ് വിദേശകാര്യ സമിതിയിലെ മുതിർന്ന അംഗമായ സെനറ്റർ ജീൻ ഷഹീനും സെനറ്റർ ബിൽ കാസിഡിയും ചേർന്നാണ് എൻഡ് ഫോറിൻ അബ്യുസ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് കോർട്സ് ആക്ട് എന്ന പേരിലുള്ള ബിൽ അവതരിപ്പിച്ചത്. പൊതു പങ്കാളിത്തത്തിനെതിരായ തന്ത്രപരമായ കേസുകൾ വിദേശ സർക്കാരുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.

സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ വിദേശരാജ്യങ്ങളിലെ വിമർശകരുടെ വായടപ്പിക്കാൻ നിയമനടപടികളെ ആയുധമാക്കുന്ന പ്രവണത വർധിച്ചുവരുന്നതായി നിയമനിർമ്മാതാക്കൾ അഭിപ്രായപ്പെട്ടു.

ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ അമേരിക്കൻ കോടതികളെ ഉപയോഗപ്പെടുത്തി അമേരിക്കയിൽ താമസിക്കുന്ന വിമർശകർക്കെതിരെ നിയമയുദ്ധം നടത്താൻ ശ്രമിക്കുന്നുവെന്ന ആശങ്കയാണ് അവർ ഉയർത്തിയത്. ഇത്തരം കേസുകളുടെ മറ്റൊരു ലക്‌ഷ്യം സാമ്പത്തികവും നിയമപരവുമായ സമ്മർദ്ദത്തിലാക്കുകയുമാണെന്ന് സെനറ്റർ ഷഹീൻ പറഞ്ഞു.

പുതിയ ബിൽ പ്രകാരം വിദേശ സർക്കാരുകളോ അവരുടെ പ്രതിനിധികളോ രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങളെയോ സാമൂഹിക പ്രവർത്തനങ്ങളെയോ ലക്ഷ്യമിട്ട് കേസ് ഫയൽ ചെയ്താൽ കോടതികൾക്ക് അവ വേഗത്തിൽ തള്ളിക്കളയാനുള്ള പ്രത്യേക നിയമവ്യവസ്ഥ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

നിലവിലെ യുഎസ് നിയമങ്ങൾ പ്രകാരം വിദേശ ശക്തികൾക്ക് അമേരിക്കൻ കോടതികളിൽ ഇത്തരം കേസുകൾ ഫയൽ ചെയ്യുന്നത് എളുപ്പമാണെന്നും ഇനിമുതൽ കൂടുതൽ സമയവും സാമ്പത്തികവും ചെലവഴിച്ച് പ്രതിരോധിക്കേണ്ടിവരുമെന്നും നിയമനിർമ്മാതാക്കൾ പറഞ്ഞു.

ബിൽ പ്രകാരം പ്രതികൾക്ക് പ്രത്യേക അപേക്ഷ നൽകി കേസ് തള്ളണമെന്നാവശ്യപ്പെടാൻ അവകാശം ഉണ്ടായിരിക്കും. പരാതിക്കാരന് വിശ്വസനീയമായ നിയമ അടിസ്ഥാനങ്ങൾ തെളിയിക്കാൻ കഴിയാത്ത പക്ഷം കോടതികൾക്ക് കേസ് തള്ളേണ്ടതായിരിക്കും.

കേസ് തള്ളണമെന്ന അപേക്ഷ സമർപ്പിച്ചാൽ മറ്റ് നിയമ നടപടികൾ താൽക്കാലികമായി നിർത്തിവെക്കുകയും 90 ദിവസത്തിനകം കോടതികൾ അതിനെക്കുറിച്ച് തീരുമാനമെടുക്കുകയും വേണം.

പ്രതികൾക്ക് അനുകൂലമായി വിധി വന്നാൽ അഭിഭാഷക ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ പരാതിക്കാരനിൽ നിന്ന് ഈടാക്കാൻ കോടതികൾക്ക് അധികാരം ഉണ്ടായിരിക്കും. കേസുകൾ മനഃപൂർവ്വം ഉപദ്രവിക്കാനോ ചെലവ് വർധിപ്പിക്കാനോ വേണ്ടി ഫയൽ ചെയ്തതാണെന്ന് തെളിഞ്ഞാൽ നഷ്ടപരിഹാരവും ശിക്ഷയും കോടതിക്ക് വിധിക്കാമെന്ന് ബിൽ വ്യക്തമാക്കുന്നു.

വിദേശ രാജ്യങ്ങളുടെയും അവരുടെ നിയന്ത്രണത്തിലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കേസുകൾക്കും ഈ നിയമം ബാധകമാകുമെന്ന് ബിൽ വ്യക്തമാക്കുന്നു.  അമേരിക്കയുടെ ശത്രുക്കളായി പരിഗണിക്കുന്ന രാജ്യങ്ങളുടെ സർക്കാരുകൾ സമർപ്പിക്കുന്ന കേസുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

അമേരിക്കൻ കോടതികൾ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ രാഷ്ട്രീയ സമ്മർദ്ദ ഉപകരണങ്ങളായി മാറരുതെന്നും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ഈ നിയമം ഉദ്ദേശിക്കുന്നതെന്നും നിയമനിർമ്മാതാക്കൾ വ്യക്തമാക്കി.

US bill targets foreign legal harassment

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക