Image

അമേരിക്കയിൽ ചൈനീസ് പൗരന്മാർ നടത്തുന്ന ‘ബർത്ത് ടൂറിസം’ ആശങ്ക ഉയർത്തുന്നു

Published on 11 March, 2026
 അമേരിക്കയിൽ ചൈനീസ് പൗരന്മാർ നടത്തുന്ന ‘ബർത്ത് ടൂറിസം’ ആശങ്ക ഉയർത്തുന്നു

വാഷിംഗ്‌ടൺ: അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമങ്ങളെ ഉപയോഗപ്പെടുത്തി ചൈനീസ് പൗരന്മാർ 'ബർത്ത് ടൂറിസം' വഴി കുട്ടികൾക്ക് അമേരിക്കൻ പൗരത്വം നേടിക്കൊടുക്കുന്ന കച്ചവടം വർധിക്കുന്നുവെന്ന ആശങ്ക യുഎസ് സെനറ്റിലെ ഒരു ഹിയറിംഗിൽ ഉയർന്നു.

അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന നയം തുടരണമോ എന്ന വിഷയത്തെക്കുറിച്ച് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ ഭരണഘടനാ ഉപസമിതി നടത്തിയ ഹിയറിംഗിലാണ് ഈ വിഷയം ചർച്ചയായത്.

വിദേശ പൗരന്മാർക്ക് അമേരിക്കയിൽ എത്തി പ്രസവിക്കാൻ സഹായിക്കുന്ന ഒരു സംഘടിത കച്ചവടം നിലവിലുണ്ടെന്നാണ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായ പീറ്റർ ഷ്വൈസർ നിയമനിർമ്മാതാക്കളോട് പറഞ്ഞത്. യാത്രാ ക്രമീകരണങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, താമസ സൗകര്യം എന്നിവ ഉൾപ്പെടെ എല്ലാ ഘട്ടങ്ങളിലും ഈ കമ്പനികൾ സഹായം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു വിദേശ പൗരനെ അമേരിക്കയിലേക്ക് കൊണ്ടുവരുകയും പ്രസവത്തിനാവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കുകയും കുട്ടിക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും പിന്നീട് കുഞ്ഞ് യാത്ര ചെയ്യാൻ കഴിയുന്ന പ്രായത്തിലെത്തുമ്പോൾ വീണ്ടും ചൈനയിലേക്ക് മടങ്ങുകയും ചെയ്യുന്ന സംവിധാനമാണ് ഇതെന്നു ഷ്വൈസർ വിശദീകരിച്ചു.

വർഷം തോറും ആയിരക്കണക്കിന് ചൈനീസ് പൗരന്മാർ അമേരിക്കയിൽ എത്തി പ്രസവിക്കുന്നുണ്ടാകാമെന്ന് അദ്ദേഹം വിലയിരുത്തി. ഏതാനും വർഷങ്ങൾക്ക് മുൻപ് ചൈനീസ് സർക്കാരിന്റെ കണക്കുകൾ പ്രകാരം ശരാശരി 50,000 ചൈനീസ് പൗരന്മാർ അമേരിക്കയിലോ യുഎസ് ഭൂപ്രദേശങ്ങളായ സൈപാൻ പോലുള്ള സ്ഥലങ്ങളിലോ പ്രസവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മറ്റു കണക്കുകൾ ഇതിലും കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018-ൽ മാത്രം ഏകദേശം 1,80,000 ചൈനീസ് പൗരന്മാർ അമേരിക്കയിൽ പ്രസവിച്ചതായി ചൈനയിലെ ഒരു ഗവേഷണ സ്ഥാപനത്തിന്റെ വിലയിരുത്തൽ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും  അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള കണക്കുകൾ ശരിയാണെങ്കിൽ ഇന്ന് ചൈനയിൽ വളരുന്ന അമേരിക്കൻ പൗരന്മാരുടെ എണ്ണം ഏകദേശം 10 ലക്ഷം വരെ എത്താമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ രാഷ്ട്രീയ-സൈനിക മേഖലകളിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഈ സേവനം ഉപയോഗിക്കുന്നതായി ആരോപണം ഉയർന്നതോടെ വിഷയത്തിന് ദേശീയ സുരക്ഷാ ആശങ്കയും ഉണ്ടാകുന്നതായി ഷ്വൈസർ പറഞ്ഞു. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ പൗരത്വം ലഭിക്കുന്നതിനാൽ ഭാവിയിൽ അവർക്ക് വോട്ടവകാശം ഉൾപ്പെടെയുള്ള പൗരാവകാശങ്ങൾ ഉപയോഗിക്കാനാകുമെന്നതാണ് അദ്ദേഹത്തിന്റെ വാദം.

എന്നാൽ ഈ ആരോപണങ്ങളെ കുറിച്ച് ചില നിയമനിർമ്മാതാക്കൾ സംശയം പ്രകടിപ്പിച്ചു. ഇത്തരം കേസുകളിൽ എത്ര പേർക്ക് എതിരെ നിയമനടപടി എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കൃത്യമായ കണക്കുകൾ സെനറ്റർ റിച്ചാർഡ് ഡർബിൻ ആവശ്യപ്പെട്ടു.

നിലവിലുള്ള കുടിയേറ്റ നിയമങ്ങൾ പ്രകാരം പ്രസവത്തിനായി മാത്രം ടൂറിസ്റ്റ് വിസയിൽ അമേരിക്കയിൽ പ്രവേശിക്കുന്നത് നിയമവിരുദ്ധമാണെന്ന് വിർജീനിയ സർവകലാശാലയിലെ നിയമ പ്രൊഫസർ അമണ്ട ഫ്രോസ്റ്റ് പറഞ്ഞു. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കിയാൽ പ്രശ്നം പരിഹരിക്കാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന ജനനാവകാശ പൗരത്വത്തെക്കുറിച്ചുള്ള വലിയ രാഷ്ട്രീയ-നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ചര്‍ച്ച ഉയർന്നത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയോ താൽക്കാലിക സന്ദർശകരുടെയോ കുട്ടികൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന നയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് ഉത്തരവും പുറത്തിറക്കിയിരുന്നു.

വിഷയങ്ങൾ യുഎസ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. അമേരിക്കൻ ഭരണഘടനയിലെ 14-ാം ഭേദഗതി പ്രകാരം അമേരിക്കയിൽ ജനിക്കുന്ന ഏവർക്കും പൗരത്വം ലഭിക്കുമോ എന്നതാണ് കോടതി പരിശോധിക്കുക.

1868-ൽ ആഭ്യന്തര യുദ്ധത്തിന് ശേഷം സ്വീകരിച്ച 14-ാം ഭേദഗതി അമേരിക്കയിൽ ജനിച്ചവരും  സ്വാഭാവികമായി പൗരത്വം നേടിയവരും യുഎസ് സിറ്റിസൺ തന്നെയാണ്. 1857-ലെ ഡ്രെഡ് സ്കോട്ട് കേസിൽ ആഫ്രിക്കൻ-അമേരിക്കൻ പൗരന്മാർക്ക് പൗരത്വം നിഷേധിച്ച സുപ്രീംകോടതി വിധി മറികടക്കുന്നതിനായാണ് ഈ ഭേദഗതി കൊണ്ടുവന്നത്.

1898-ൽ യുഎസ് വോംഗ് കിം ആർക്ക് കേസിൽ സുപ്രീംകോടതി നൽകിയ വിധി വിദേശ മാതാപിതാക്കൾക്ക് അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കുമെന്ന് സ്ഥിരീകരിക്കുകയും അത് നൂറിലധികം വർഷങ്ങളായി അമേരിക്കൻ പൗരത്വ നിയമത്തെ സ്വാധീനിക്കുകയും ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക