
എൻസിആർടി പാഠപുസ്തകത്തിൽ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന വിവാദ അധ്യായം ഉൾപ്പെടുത്തിയവർക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. പാഠഭാഗം തയ്യാറാക്കിയ കരിക്കുലം സമിതി അംഗങ്ങളായ പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവരെ സമിതിയിൽ നിന്ന് ഉടനടി പുറത്താക്കാൻ കോടതി നിർദേശിച്ചു. ഇവരെ നിലവിലുള്ള എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
വിവാദ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരുത്തരവാദപരമായ പോസ്റ്റുകൾ പങ്കുവെച്ചവർക്കെതിരെയും നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ ഉള്ളടക്കങ്ങളിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രചാരണങ്ങൾ നടത്തുന്ന വെബ്‌സൈറ്റുകളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് അവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാനും അവരുടെ പൂർണ്ണവിവരങ്ങൾ കോടതിയിൽ സമർപ്പിക്കാനും നിർദേശമുണ്ട്.