Image

13 വർഷമായി കോമയിൽ; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രിംകോടതി

Published on 11 March, 2026
13 വർഷമായി കോമയിൽ; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രിംകോടതി

13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിയൊന്നുകാരൻ ഹരീഷ് റാണയ്ക്ക് ദയാവധത്തിന് സുപ്രിംകോടതി അനുമതി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ്  നിര്‍ണായക വിധി. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

2013-ൽ ചണ്ഡീഗഡിലെ പഠനത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് ഹരീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മകന്റെ ദുരിതം കാണാൻ വയ്യെന്നും സാമ്പത്തികമായി തകർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ദയാവധത്തിന് അനുമതി തേടിയത്. 

മെഡിക്കല്‌ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതി ഉണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

യന്ത്രസഹായത്തോടെ മാത്രം ജീവന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന ഡോക്ടര്‍മാരുടെ അഭിപ്രായവും കോടതി പരിഗണിച്ചു. ഹരീഷ് റാണയ്ക്ക് നല്‍കി വരുന്ന വെന്റിലേറ്റര്‍ സഹായം പിന്‍വലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചികിൽസ തുടരണോ എന്ന് തീരുമാനിക്കാൻ രോഗിക്ക് കഴിയാത്ത സാഹചര്യത്തിൽ, രോഗിയുടെ ഏറ്റവും മികച്ച താൽപ്പര്യം എന്താണോ അത് മാത്രമേ പരിഗണിക്കാവൂവെന്ന് കോടതി നിരീക്ഷിച്ചു. നിഷ്ക്രിയ ദയാവധം മാരകരോഗം ബാധിച്ചവർക്ക്  മാത്രമുള്ളതല്ല, മറിച്ച് സ്ഥിരമായ അബോധാവസ്ഥയിൽ കഴിയുന്നവർക്കും ബാധകമാണ്. ചികിൽസ നൽകുക എന്നത് ഡോക്ടറുടെ ധർമ്മമാണ്, എന്നാൽ സുഖപ്പെടാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ വെറുതെ ജീവൻ നീട്ടിക്കൊണ്ടുപോകാൻ ഡോക്ടർ ബാധ്യസ്ഥനല്ലെന്നും കോടതി വ്യക്തമാക്കി.

ഹരീഷ് റാണയെ എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു. ചികിൽസ പിൻവലിച്ച ശേഷം മരണം സംഭവിക്കുന്നത് വരെ ആവശ്യമായ പരിചരണം അവിടെ ഉറപ്പാക്കും. നിഷ്ക്രിയ ദയാവധവുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക