
കാനഡയിൽ വധിക്കപ്പെട്ട പഞ്ചാബി യൂട്യൂബർ നാൻസി ഗ്രെവാളിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാത്തതിൽ രോഷവും ആശങ്കയും ഉയർന്നു. ഖാലിസ്ഥാൻ വിഘടന വാദികളെ രൂക്ഷമായി വിമർശിച്ചിരുന്ന ഗ്രെവാൾ (45) നിരവധി കുത്തുകളേറ്റാണ് ഒന്റേരിയോ ലാ സെല്ലെയിലെ വീടിനു മുന്നിൽ കൊല്ലപ്പെട്ടത്.
ആരെയും അറസ്റ്റ് ചെയ്യാത്തത് കാനഡയിലെ സൗത്ത് ഏഷ്യൻ സമൂഹങ്ങളെ ഏറെ അസ്വസ്ഥരാക്കുന്നുവെന്നു 'ഖൽസ വോക്‌സ്' ചൂണ്ടിക്കാട്ടി. പുതുതായി പുറത്തു വന്ന വിവരങ്ങൾ ഖാലിസ്ഥാനി തീവ്രവാദികൾക്കു നേരെ തന്നെയാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ പോലീസ് നടപടി എടുക്കുന്നില്ല.
ആക്രമണം കരുതിക്കൂട്ടി നടത്തിയതാണെന്നു ഒന്റേരിയോ പോലീസ് സമ്മതിക്കുന്നു. ഗ്രെവാൾ എന്ന വ്യക്തിയെ തന്നെ ലക്‌ഷ്യം വച്ചുള്ള കൊലയാണെന്നു പോലീസ് ചീഫ് മൈക്കൽ പിയേഴ്‌സ് സമ്മതിച്ചിട്ടുമുണ്ട്.
എന്നാൽ കൊലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല. പിടികൂടാൻ സഹായിക്കുന്നവർക്കു പ്രതിഫലം പ്രഖ്യാപിച്ചിട്ടുമില്ല.
ഒരു സിഖ് തീവ്രവാദി വെബ്‌സൈറ്റ് കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഖാലിസ്ഥാനെ നിരന്തരം വിമർശിച്ചതു തന്നെയാണ് കൊലയ്ക്കു കാരണമെന്നു അതിൽ തുറന്നു പറയുന്നുമുണ്ട്. അങ്ങിനെ വിമർശിക്കുന്ന ആർക്കും ഈ ഗതി വരാം എന്ന താക്കീതും അവർ ഉയർത്തുന്നു.
ഗ്രെവാളിനു ഖാലിസ്ഥാൻ തീവ്രവാദികളിൽ നിന്നു നിരന്തരം ഭീഷണി ഉയർന്നിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജീവനു ഭീഷണി ഉണ്ടെന്നു ഗ്രെവാൾ സി ബി സിയിൽ പറഞ്ഞത് കൊല്ലപ്പെടുന്നതിനു തൊട്ടു മുൻപാണ്. വീടിനു തീ വച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾ അവർ ചൂണ്ടിക്കാട്ടിയിരുന്നു.
Canada yet to find Grewal killer