Image

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി

Published on 10 March, 2026
നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി

തൃശൂര്‍;  നാട്ടിക എം എല്‍ എയും സി പി ഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗവുമായ സി സി മുകുന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി. സി പി ഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി നാട്ടിക നിയോജക മണ്ഡലം എം എല്‍ എയായി പ്രവര്‍ത്തിക്കുകയാണ് മുകുന്ദന്‍. 

മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവരികയാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. പല തവണ അച്ചടക്ക നടപടി സ്വീകരിച്ച് അദ്ദേഹത്തെ തിരുത്തല്‍ പാര്‍ട്ടി ശ്രമിച്ചതാണ്. കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്ത് ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും മാറ്റിയതിനെ തുടര്‍ന്ന് നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, നാട്ടിക മണ്ഡലം സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം വന്നതിനു പിന്നാലെ പാര്‍ട്ടിക്കെതിരെ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് സി സി മുകുന്ദന്‍ പൊതുസമൂഹത്തിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. ഇതിനു പുറമെ, കോണ്‍ഗ്രസ്സ് നേതൃത്വവുമായി ബന്ധപ്പെട്ട് യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പരസ്യനിലപാട് സ്വീകരിക്കുകയും ചെയ്തു. പാര്‍ട്ടി ബോധമില്ലാത്ത അങ്ങേയറ്റം ഗുരുതരമായ അച്ചടക്ക ലംഘനമാണ് മുകുന്ദന്‍ നടത്തിയിരിക്കുന്നത്. തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ അംഗീകാരത്തോടു കൂടിയുള്ളതാണ് സി സി മുകുന്ദനെതിരായ നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. 

നാട്ടികയില്‍ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മുകുന്ദന്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയത്. ഒറ്റത്തവണ മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാ ഗോപിക്ക് മൂന്നാമൂഴം നല്‍കിയതിലാണ് മുകുന്ദന് നീരസമുണ്ടായത്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ച സിസി മുകുന്ദന്‍ നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മുകുന്ദനെക്കണ്ട് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഗീതാ ഗോപിക്കെതിരെ നാട്ടികയില്‍ തന്നെ മത്സരിക്കാനാണ് മുകുന്ദന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക