Image

ഇംഗ്ലീഷ് സംസാരിക്കാത്ത ട്രക്ക് ഡ്രൈവർമാർക്കെതിരെ കടുത്ത നടപടി; വയോമിംഗിൽ പുതിയ നിയമം

Published on 10 March, 2026
ഇംഗ്ലീഷ് സംസാരിക്കാത്ത ട്രക്ക് ഡ്രൈവർമാർക്കെതിരെ കടുത്ത നടപടി; വയോമിംഗിൽ പുതിയ നിയമം

വാഷിംഗ്‌ടൺ ഡി സി: വയോമിംഗ് സംസ്ഥാനത്ത് ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ കഴിയാത്ത കൊമേഴ്സ്യൽ ട്രക്ക് ഡ്രൈവർമാരെ റോഡിൽ നിന്ന് നീക്കാനും തടവിലാക്കാനും വരെ അധികാരം നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഗവർണർ മാർക്ക് ഗോർഡൺ ഒപ്പുവച്ച ഹൗസ് ബിൽ 32 പ്രകാരമാണ് നിയമം നടപ്പിലാക്കിയത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2025ൽ ഒപ്പുവച്ച ഫെഡറൽ എക്സിക്യൂട്ടീവ് ഉത്തരവിനോട് അനുബന്ധിച്ചാണ് ഈ നിയമം കൊണ്ടുവന്നത്. ആ ഉത്തരവനുസരിച്ച് കൊമേഴ്സ്യൽ ഡ്രൈവർമാർക്ക് ഇംഗ്ലീഷ് ഭാഷയിൽ പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനും ഹൈവേയിലെ ബോർഡുകൾ മനസ്സിലാക്കാനും ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കാനും കഴിയണം.

പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തെ ഷെറിഫ് ഡെപ്യൂട്ടിമാരും നഗര പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ എല്ലാ നിയമസംരക്ഷണ ഉദ്യോഗസ്ഥർക്കും  ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം ലഭിച്ചു. മുമ്പ് ഈ അധികാരം വയോമിംഗ് ഹൈവേ പട്രോളിനും പ്രത്യേകമായി പരിശീലനം നേടിയ കൊമേഴ്സ്യൽ വാഹന ഇൻസ്പെക്ടർമാർക്കും മാത്രമായിരുന്നു.

റോഡ്സൈഡിൽ നടത്തുന്ന ഭാഷാപരിശോധനയിൽ പരാജയപ്പെടുന്ന ഡ്രൈവർമാരെ ഉടൻ സർവീസിൽ നിന്ന് നീക്കാനും വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കാനും പോലീസിന് അധികാരമുണ്ട്. ആദ്യ നിയമലംഘനത്തിന് 1,000 ഡോളർ പിഴയും ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതുവരെ സംസ്ഥാനത്ത് കൊമേഴ്സ്യൽ വാഹനം ഓടിക്കാൻ വിലക്കും ഉണ്ടായിരിക്കും.

വിലക്ക് അവഗണിച്ച് വീണ്ടും വാഹനമോടിക്കുന്നവർക്ക് വീണ്ടും 1,000 ഡോളർ പിഴയും, കൂടാതെ 90 ദിവസം വരെ തടവുശിക്ഷ ലഭിക്കാവുന്ന മിസ്ഡീമീനർ കുറ്റവും ചുമത്തും.

വയോമിംഗ് ഹൈവേ പട്രോളിന്റെ കണക്കുകൾ പ്രകാരം 2025 ജൂൺ മുതൽ 2026 ജനുവരി വരെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവുമായി ബന്ധപ്പെട്ട 775 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ എല്ലാവരെയും സർവീസിൽ നിന്ന് നീക്കിയതോടൊപ്പം 19 പേർ വീണ്ടും നിയമലംഘനം നടത്തിയതിനാൽ തടവിലാക്കിയതായും അധികൃതർ അറിയിച്ചു. പുതിയ നിയമം നടപ്പിലായതോടെ ഇത്തരം കേസുകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം, നിയമത്തിനെതിരെ ചില സമൂഹ സംഘടനകളും വ്യവസായ മേഖലയിലെ പ്രതിനിധികളും ആശങ്ക പ്രകടിപ്പിച്ചു. റോഡ്സൈഡിൽ നടത്തുന്ന ഭാഷാ പരിശോധനകൾ വ്യക്തിപരമായ വിലയിരുത്തലുകളിൽ അധിഷ്ഠിതമായിരിക്കാമെന്നും അതിലൂടെ വംശീയ വിവേചനത്തിന് സാധ്യതയുണ്ടെന്നും അവർ പറയുന്നു.

കൂടാതെ, ട്രക്ക് ഡ്രൈവർമാരുടെ കുറവ് കാർഷിക മേഖലയിലെ ചരക്ക് ഗതാഗത ശൃംഖലയിൽ തടസ്സമുണ്ടാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക