
ഇറാനിൽ വധിക്കപ്പെട്ട പരമാധികാരി ആയത്തൊള്ള അലി ഖമേനായിയുടെ പുത്രൻ മുജ്‌തബ ഖമേനായിയെ പുതിയ പരമാധികാരിയായി തിരഞ്ഞെടുത്തതിൽ താൻ അസന്തുഷ്ടനാണെന്നു പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു. മുജ്‌തബ സമാധാനത്തോടെ ജീവിക്കുമെന്നു താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവാഴ്ച്ച 11 ദിവസമെത്തിയ യുദ്ധം അവസാനിപ്പിക്കാൻ ഇറാനു വലിയ ആഗ്രഹമുണ്ടെന്നു ഫോക്സ് ന്യൂസിൽ ട്രംപ് പറഞ്ഞു. "അത് സാധ്യമാണ്, എന്നാൽ വ്യവസ്ഥകൾ എന്താണെന്നതിനെ ആശ്രയിച്ചിരിക്കും. സംസാരിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമില്ല."
ഫെബ്രുവരി 28നു ആക്രമണം തുടങ്ങിയത് ഏറെ ഉചിതമായെന്നു ട്രംപ് അവകാശപ്പെട്ടു. "മൂന്നു ദിവസം കഴിഞ്ഞാൽ ഇറാൻ ആക്രമണം തുടങ്ങുമായിരുന്നു. ആദ്യം ആക്രമിച്ചതു കൊണ്ട് നമുക്ക് അവരുടെ മിസൈലുകളിൽ 50% തകർക്കാൻ കഴിഞ്ഞു. ഇല്ലെങ്കിൽ കൂടുതൽ രൂക്ഷമായ യുദ്ധം നേരിടേണ്ടി വന്നേനെ.
"വേറൊരു പ്രസിഡന്റിനും അത്ര ധൈര്യം ഉണ്ടാവുമായിരുന്നില്ല."
ഇറാന് 11 ആണവ ബോംബുകൾ നിർമിക്കാൻ വേണ്ട സമ്പുഷ്ട യുറേനിയം ഉണ്ടെന്നു അവരുടെ ഉദ്യോഗസ്ഥർ പറഞ്ഞതായി തന്റെ ദൂതന്മാർ സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാറെഡ് കുഷണറും പറഞ്ഞെന്നു ട്രംപ് പറയുന്നു.
ട്രംപിനെ തീർത്തു കളയുമെന്ന് ഇറാൻ
ട്രംപിനെ ഇല്ലാതാക്കുമെന്ന് അതിനിടെ ഇറാന്റെ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി അലി ലാറിജാനി പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറപ്പിക്കാൻ നടപടി എടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹോർമുസിൽ ഗതാഗതം തടഞ്ഞാൽ 20 ഇരട്ടി ശക്തിയോടെ ആഞ്ഞടിക്കുമെന്നു ട്രംപ് തിങ്കളാഴ്ച്ച പറഞ്ഞിരുന്നു.
"നിങ്ങളുടെ ശൂന്യമായ കൈകളെ ഇറാൻ എന്ന ത്യാഗം നിറഞ്ഞ രാജ്യം ഭയപ്പെടുന്നില്ല," ലാറിജാനി പറഞ്ഞു. "നിങ്ങളെക്കാൾ വലിയ ആളുകൾക്ക് ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ ഇല്ലാതാവും. അതൊഴിവാക്കാൻ നോക്കുന്നതാണ് നല്ലത്."
Trump displeased with Mojtaba