
നാട്ടികയില്‍ ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ തീരുമാനിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സി സി മുകുന്ദന്‍ എംഎല്‍എ. നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ മുകുന്ദനെക്കണ്ട് പിന്തുണ അറിയിച്ചു. പണം പിരിച്ചു നല്‍കുന്നതാണ് ഗീതാഗോപിയുടെ യോഗ്യത എന്ന മുകുന്ദന്റെ ആരോപണം ഗീതാ ഗോപിയും സിപിഐയും തള്ളി.
നാട്ടിക നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ സി സി മുകുന്ദന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സിപിഐയില്‍ കലഹം രൂക്ഷമായിരുന്നു. രണ്ടാമതൊരു അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ സി സി മുകുന്ദന്‍ ഉന്നയിക്കുകയും ചെയ്തു.
ഒറ്റത്തവണ മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമൂഴം നല്‍കിയതില്‍ കലഹിച്ചാണ് മുകുന്ദന്‍ പാര്‍ട്ടി വിട്ടത്. ഗീതാ ഗോപിക്കെതിരെ നാട്ടികയില്‍ തന്നെ മത്സരിക്കാനാണ് മുകുന്ദന്റെ തീരുമാനം. യുഡിഎഫ് മുകുന്ദനെ പിന്തുണക്കും.
പണം പിരിച്ചു നല്‍കുന്നതാണ് ഗീതാഗോപിയുടെ യോഗ്യതയെന്ന് ആദ്യം ആരോപണം ഉന്നയിച്ച മുകുന്ദന്‍ പിന്നീട് ആരോപണം കടുപ്പിച്ചു. ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയത് ‘പെയ്മെന്റ് സീറ്റ്’ ആണെന്ന സംശയം തനിക്കുണ്ടെന്നും പാര്‍ട്ടിയില്‍ ഇപ്പോള്‍ പണത്തിനാണ് സ്വാധീനമെന്നും മുകുന്ദന്‍ പറഞ്ഞു. തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മുകുന്ദന്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്കുമേല്‍ പലപ്പോഴും സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ വന്‍കിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താന്‍ ആരുടെയും പോക്കറ്റില്‍ കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.