Image

ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല ; ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

Published on 10 March, 2026
ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല ; ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മന്ത്രി ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലര്‍ത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി ഗണേഷ്‌കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബ പ്രശ്‌നമായി കണ്ട് ഒത്തുതീര്‍പ്പാക്കിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗണേഷ് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമുള്ള ആളാണ്. ഭാര്യ പരാതി പിന്‍വലിച്ചു എന്നതുകൊണ്ട് കാര്യമായില്ല. സമൂഹത്തില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കാണിക്കേണ്ട മാന്യതയും മര്യാദയും അദ്ദേഹം കാട്ടിയില്ല. ഭംഗിയായി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിസഭയുടെ പുഴുക്കുത്താണ് ഗണേഷ് കുമാര്‍. ദാര്‍ഷ്ട്യവും മാടമ്പിത്തരവുമാണ് വാക്കിലും പ്രവൃത്തിയിലുമുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'അയ്യായിരം പേരെ പ്രണയിക്കുന്നെന്ന് തലയില്‍ ആള്‍ത്താമസം ഉള്ള ഒരാള്‍ പറയുമോ? അങ്ങനെ അല്ലാത്തവര്‍ പൊട്ടന്‍മാരും ഷണ്ഡന്‍മാരുമാണെന്നാണ് പറയുന്നത്. കൂടുതലൊന്നും പറയുന്നില്ല. കേരളത്തിലെ സര്‍ക്കാരിനുണ്ടായ വലിയ അപചയമായിപ്പോയി ഈ സംഭവം. വാദി പിന്‍വലിച്ചു എന്നതുകൊണ്ട് കേസ് ഇല്ലാതാകുന്നില്ല. അതുകൊണ്ട് ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും' വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ഗണേഷ്‌കുമാറും ഭാര്യ ബിന്ദുമേനോനും തമ്മിലുള്ള പ്രശ്‌നം ഇന്ന് രാവിലെ ഒത്തുതീര്‍പ്പാക്കിയിരുന്നു. ഗണേഷ് കുമാര്‍ ഫോണ്‍വിളിച്ച് ക്ഷമ ചോദിച്ചുവെന്നും താന്‍ എല്ലാം മാപ്പാക്കിയെന്നുമാണ് ബിന്ദുമേനോന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രിയുടെ വാളകത്തെ വീട്ടിലെത്തിയ താന്‍ മോശം സാഹചര്യത്തില്‍ മറ്റൊരു സ്ത്രീക്കൊപ്പം മന്ത്രിയെ കണ്ടതായും ചിത്രങ്ങളടക്കം തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ബിന്ദുമേനോന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക