Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനും മറ്റ് പ്രതികൾക്കും ഹൈക്കോടതിയുടെ നോട്ടീസ്, സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ചു

Published on 10 March, 2026
നടിയെ ആക്രമിച്ച കേസ്; ദിലീപിനും മറ്റ് പ്രതികൾക്കും ഹൈക്കോടതിയുടെ നോട്ടീസ്, സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ. മുഖേനയാണ് നോട്ടീസ് കൈമാറുന്നത്.

വിചാരണക്കോടതി വിധിയിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ 300 പേജുള്ള അപ്പീൽ നൽകിയത്. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കാട്ടിയാണ് ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടത്. എന്നാൽ ഈ കണ്ടെത്തൽ തെറ്റാണെന്ന് സർക്കാർ അപ്പീലിൽ വാദിക്കുന്നു. കേസിലെ ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെയും ദിലീപിനെയും വെറുതെ വിട്ട നടപടിക്കെതിരെയാണ് പ്രധാനമായും സർക്കാരിന്റെ നീക്കം.

കേസിലെ ഒന്നും ആറും ഉൾപ്പെടെയുള്ള പ്രതികൾക്ക് 20 വർഷത്തെ കഠിനതടവാണ് വിചാരണക്കോടതി വിധിച്ചത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണിത്. ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക