
കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി . ജില്ലാ ജഡ്ജിയുടെ ഓഫീസിലേക്ക് ഇമെയിൽ ഭീഷണി സന്ദേശം ലഭിച്ചു. തിങ്കളാഴ്ച രാവിലെ ‘അലക്‌സ് പോൾ മേനോൻ’ എന്ന വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. നിരപരാധികൾക്ക് നീതി ലഭിക്കാത്ത കോടതികൾ കൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിച്ച സന്ദേശത്തിൽ, ജഡ്ജിയുടെ ചേമ്പറിൽ 15 സയനൈഡ് വാതകം നിറച്ച വിഷ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് സ്ഫോടനം നടക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കേവലം ഭീഷണിയല്ലെന്നും റിസ്ക് എടുക്കരുതെന്നും ഇമെയിലിൽ പ്രത്യേകം സൂചിപ്പിച്ചിരുന്നു.
സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കോടതി ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് പോലീസും ബോംബ്-ഡോഗ് സ്ക്വാഡുകളും സ്ഥലത്തെത്തി കർശന പരിശോധന നടത്തുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു