
ഇറാനിൽ യുഎസ്-ഇസ്രയേലി സഖ്യം ആക്രമണം കടുപ്പിച്ചു കൊണ്ടിരിക്കെ സമാധാന ശ്രമങ്ങളെല്ലാം തള്ളിയ ഇറാൻ തിരിച്ചടി ശക്തമാക്കുകയും ചെയ്തു.
ഇനി ഒരു ടണ്ണിൽ കുറഞ്ഞ മിസൈലുകൾ ഇസ്രയേലിനെതിരെ അടിക്കില്ലെന്നു വിപ്ലവ സേന ഐ ആർ ജി സിയുടെ കമാൻഡർ മജീദ് മൂസാവി തിങ്കളാഴ്ച്ച പറഞ്ഞു. ആക്രമണം അതിശക്തമാക്കും എന്നതിന്റെ സൂചനയാണത്.
ചൈനയും ഫ്രാൻസും റഷ്യയും സമാധാന ശ്രമങ്ങൾക്കു മുൻകൈയെടുത്തെന്നു ഇറാൻ സ്ഥിരീകരിച്ചു. എന്നാൽ ആയത്തൊള്ള അലി ഖമേനായിയെ വധിച്ച ശത്രുവിനെ ഒരു പാഠം പഠിപ്പിക്കാതെ യുദ്ധം നിർത്തില്ലെന്നു ഇറാൻ വിദേശകാര്യ സഹമന്ത്രി അറിയിച്ചു.
ബഹ്‌റൈനിൽ മരണം
ഇറാന്റെ ആക്രമണത്തിൽ തിങ്കളാഴ്ച്ച രാത്രി ബഹ്‌റൈനിൽ 29 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു. 8 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മനാമയിൽ ഒരു കെട്ടിടത്തിനു നേരെ ആക്രമണം ഉണ്ടായപ്പോഴാണ് ദുരന്തം സംഭവിച്ചത്.
സൗദി അറേബ്യ ഇറാനിൽ നിന്നു വന്ന ഡ്രോണുകൾ തടഞ്ഞെന്നു പ്രതിരോധ വകുപ്പ് അറിയിച്ചു.
കുവൈറ്റ് വടക്കും കിഴക്കുമായി ഏതാനും ഡ്രോണുകൾ അടിച്ചിട്ടു. രണ്ടു ബാലിസ്റ്റിക് മിസൈലുകളും തകർത്തതായി ആർമി അറിയിച്ചു.
ഖത്തറിൽ തിങ്കളാഴ്ച്ച 17 മിസൈലുകൾ വീഴ്ത്തിയെന്നു ഖത്തർ അറിയിച്ചു. ദോഹയിലെ ജാഗ്രത ഉയർത്തി.
ഇറാൻ ഗൾഫിലെ ഊർജ ഉത്പാദനം തടയാനുള്ള ആക്രമണമാണ് ഇപ്പോൾ നടത്തുന്നതെന്നു നിരീക്ഷകർ കരുതുന്നു. യുഎസ് താവളങ്ങൾ ആണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും റിഫൈനറികൾ പോലുള്ള ഇടങ്ങളിൽ ആക്രമണം മുറുകിയിട്ടുണ്ട്. ബഹ്‌റൈനിൽ ഏറ്റവും വലിയ റിഫൈനറികളിൽ ഒന്നായ ബാപ്‌കോ തിങ്കളാഴ്ച്ച ആക്രമിക്കപ്പെട്ടു.
ഇറാനിൽ കനത്ത ബോംബിംഗ്
അതേ സമയം, യുദ്ധം ആരംഭിച്ച ശേഷം ഏറ്റവും ശക്തമായ ബോംബിംഗ് ഇറാൻ തിങ്കളാഴ്ച്ച നേരിട്ടു. ടെഹ്‌റാന്റെ തെക്കും കിഴക്കും പടിഞ്ഞാറും കനത്ത ബോംബിംഗ് ഉണ്ടായി.
അഹ്വാസ്, ഇസ്ഫഹാൻ, കരാജ് തുടങ്ങിയ നഗരമേഖലകളിൽ ആക്രമണം ഉണ്ടായി.
ടെഹ്‌റാന്റെ കിഴക്കുള്ള റിഹാലത് സ്‌ക്വയറിൽ 40 പേരെങ്കിലും കൊല്ലപ്പെട്ടു. ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,300 കടന്നിട്ടുണ്ട്.
Iran rejects peace bid, intensifies attacks