
പാലക്കാട്: ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിനി വിനോദിനിക്ക് 21 വയസ് വരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. കുട്ടിയുടെ വൈകല്യം ഭാവിയില്‍ ജോലി ലഭിക്കുന്നതിന് തടസമാകരുതെന്നും കോടതി പറഞ്ഞു. വിനോദിനിക്കുണ്ടായ ദുരനുഭവം ചികിത്സാ പിഴവിന്റെ ഭാഗമായി തന്നെ സംഭവിച്ചതാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
തൃശൂർ സ്വദേശിയായ പിഡി ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി. കുറ്റക്കാരായവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 24ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണു പരുക്കേറ്റ വിനോദിനിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ നൽകിയ ചികിത്സയെ തുടർന്നാണ് അണുബാധയുണ്ടാകുന്നതും പിന്നീട് കൈ മുറിച്ചു മാറ്റേണ്ടി വന്നതും.
9വിഷയത്തിൽ സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയും സമിതി റിപ്പോർട്ട് അനുസരിച്ച് ആരോഗ്യ വിഭാഗം ഡയറക്ടർ കൺവീനറായ ഒരു ഉന്നതതല സമിതി ഇക്കാര്യം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വിനോദിനിയുടെ ചികിത്സാ ചെലവിനായി അടിയന്തരാശ്വാസം എന്ന നിലയിൽ 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 24 നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീണ് വിനോദിനിയുടെ വലുത് കൈയ്ക്ക് പരിക്കേല്‍ക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് വിനോദിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നു.