Image

ചരിത്ര വിജയത്തിന് ശേഷം കേരളത്തിലെത്തി സഞ്ജു; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

Published on 09 March, 2026
ചരിത്ര വിജയത്തിന് ശേഷം കേരളത്തിലെത്തി സഞ്ജു; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

ടി20 ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം ലഭിച്ചു. ആയിരക്കണക്കിന് ആരാധകർക്കൊപ്പം മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി എന്നിവരും താരത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. 

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം വരും ദിവസങ്ങളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്ന് മന്ത്രി അറിയിച്ചു. ആരാധകരുടെ പ്രാർത്ഥനയും പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും സഞ്ജു മറുപടി നൽകി.

ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്കോററായ സഞ്ജു, വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസാണ് അടിച്ചുകൂട്ടിയത്. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന സഞ്ജുവിനെ, സൂപ്പർ 8-ൽ ദക്ഷിണാഫ്രിക്കയോട് തോറ്റ നിർണ്ണായക ഘട്ടത്തിലാണ് ടീം മാനേജ്‌മെന്റ് ഓപ്പണറായി പരീക്ഷിച്ചത്. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ മികച്ച തുടക്കം നൽകിയ താരം, വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ 50 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്ന് ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ചു.

സെമി ഫൈനലിലും ഫൈനലിലും സഞ്ജുവിന്റെ പോരാട്ടവീര്യം തുടരുന്നതാണ് രാജ്യം കണ്ടത്. ഇംഗ്ലണ്ടിനെതിരായ സെമിയിൽ 42 പന്തിൽ 89 റൺസും, ഫൈനലിൽ 44 പന്തിൽ 89 റൺസും നേടി തുടർച്ചയായ മൂന്ന് മാച്ച് വിന്നിംഗ് ഇന്നിംഗ്സുകളിലൂടെ അദ്ദേഹം ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ഈ അസാമാന്യ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടൂർണമെന്റിലെ താരമായി  സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക