
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകി കെ എസ് യു. ഗണേഷ് കുമാർ വാളകത്തെ കുടുംബവീട്ടിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഇത് തടയാൻ ശ്രമിച്ച ഭാര്യ ബിന്ദു മേനോനെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ജീവനക്കാർ മർദിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ പരാതി നൽകിയത്. മന്ത്രിക്കും പേഴ്സണൽ സ്റ്റാഫിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിലെ പ്രധാന ആവശ്യം.
മന്ത്രിയെ വാളകത്തെ വീട്ടിൽ വളരെ മോശം സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ഭാര്യ ബിന്ദു മേനോൻ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പോലീസിനെ വിളിച്ചതിന് പിന്നാലെ കൂടെയുണ്ടായിരുന്ന സ്ത്രീയെ കാറിൽ കയറ്റിവിട്ടുവെന്നും തന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ മന്ത്രിയുടെ സ്റ്റാഫ് ശ്രമിച്ചുവെന്നും ബിന്ദു ആരോപിച്ചു. ഈ സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ബിന്ദു മേനോൻ കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്നുമാണ് ഗണേഷ് കുമാറിന്റെ മറുപടി. തനിക്ക് പ്രണയമുണ്ടെന്നും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ഈ വിവാദങ്ങൾ തന്റെ രാഷ്ട്രീയ നിലപാടിനെ ബാധിക്കില്ലെന്നും പത്തനാപുരത്തുകാർക്ക് തന്നെ നന്നായി അറിയാമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.