
തിരുവനന്തപുരം: പ്രമുഖ ചിന്തകനും ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. കെഎൻ പണിക്കർ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങൾ കാരണം ഏതാനും വർഷങ്ങളായി പൊതുപരിപാടികളിൽ സജീവമല്ലാതിരുന്ന അദ്ദേഹത്തിൻ്റെ തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗൺസിൽ വിപുലമായി ആഘോഷിക്കാനിരിക്കെയാണ് വിടവാങ്ങൽ.
വലതുപക്ഷ അജണ്ടകള്‍ക്കെതിരെ നിരന്തരം എഴുതിയ കെ എന്‍ പണിക്കര്‍ പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
അധിനിവേശ കാലഘട്ടത്തിലെ സാംസ്‌കാരിക, ഭൗതിക ചരിത്രങ്ങളിലായിരുന്നു അദ്ദേഹം പ്രധാനമായും ഗവേഷണം നടത്തിയിരുന്നത്. ഡോ. കെഎൻ പണിക്കരുടെ മിക്ക ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും ഇംഗ്ലീഷ് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. മലബാർ കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ 'മലബാർ കലാപം; പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ' എന്ന പുസ്തകം ചരിത്രപഠനങ്ങളിൽ ഏറെ ശ്രദ്ധേയമാണ്. സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരെ കർഷകജനത നടത്തിയ പോരാട്ടത്തിൻ്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതാണ് ഈ കൃതി.
എഗൈൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്സ്: റിലീജിയൻ ആൻഡ് പെസൻ്റ് അപ്‌റൈസിങ് ഇൻ മലബാർ (1989), കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ (1990), ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ (1968), കൾച്ചർ, ഐഡിയോളജി ആൻഡ് ഹെജിമണി: ഇൻ്റലക്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ്നസ് ഇൻ കൊളോണിയൽ ഇന്ത്യ (1995), കമ്യൂണൽ ത്രെട്ട്, സെക്കുലർ ചലഞ്ച് (1997), കണ്ടംപററി ഇന്ത്യ: കൾച്ചർ ആൻഡ് പൊളിറ്റിക്സ് (2002), ഇൻ്ററോഗേറ്റിങ് കൊളോണിയൽ മോഡേണിറ്റി (2002) എന്നിവയാണ് മറ്റ് പ്രധാന പുസ്തകങ്ങൾ.