Image

180 കുട്ടികൾ മരിച്ച ഇറാൻ സ്കൂൾ ആക്രമണം നടത്തിയത് യുഎസ് തന്നെയെന്നു തെളിവുകൾ (പിപിഎം)

Published on 09 March, 2026
180 കുട്ടികൾ മരിച്ച ഇറാൻ സ്കൂൾ ആക്രമണം നടത്തിയത് യുഎസ് തന്നെയെന്നു തെളിവുകൾ (പിപിഎം)

ഇറാനിലെ മിനാബിൽ 180 സ്‌കൂൾ കുട്ടികൾ മരിച്ച ആക്രമണം ഇറാൻകാർ തന്നെ നടത്തിയതാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ വാദം പൊളിച്ചെഴുതുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. സ്കൂളിനു തൊട്ടുള്ള ഇറാൻ സൈനിക കേന്ദ്രത്തിൽ യുഎസിന്റെ ടോമാഹോക്ക് മിസൈൽ വന്നടിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിട്ടുള്ളത്.

ഇറാന്റെ മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട വീഡിയോ ന്യൂ യോർക്ക് ടൈംസ്, സി എൻ എൻ എന്നീ യുഎസ് മാധ്യമങ്ങൾ വിശകലനം ചെയ്തിരുന്നു. ഇറാൻ വിപ്ലവ സേന ഐ ആർ ജി സി യുടെ നാവിക കെട്ടിടത്തിൽ മിസൈൽ അടിക്കുന്നത് അതിൽ കാണാം. തൊട്ടടുത്തു തന്നെയാണ് ഷാജാര തയ്യബ് എലിമെന്ററി സ്കൂൾ. ആക്രമണത്തിൽ സ്കൂൾ കെട്ടിടത്തിനും ഗണ്യമായ നാശനഷ്ടം  സംഭവിച്ചെന്നു സാറ്റലൈറ്റ് ചിത്രങ്ങളും മറ്റു വിഡിയോകളും സൂചിപ്പിക്കുന്നു.

യുഎസ്-ഇസ്രയേലി ആക്രമണം ആരംഭിച്ച ഫെബ്രുവരി 28നു തന്നെയാണ് ഈ മിസൈൽ വിക്ഷേപണം ഉണ്ടായത്. നാവിക കെട്ടിടത്തിനു നേരെ യുഎസ് ആക്രമണം ഉണ്ടായ സമയത്തു തന്നെയാണ് സ്കൂൾ കെട്ടിടവും തകർന്നതെന്ന് 'ടൈംസ്' വിശകലനത്തിൽ കണ്ടെത്തി.  

ഐ ആർ ജി സി താവളത്തിനു മുന്നിൽ കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്തു നിന്നാണ് വീഡിയോ എടുത്തിട്ടുള്ളത്.

ടോമാഹോക്ക് മിസൈൽ തന്നെയെന്നു സ്ഥിരീകരിച്ചത് വിശകലനം നടത്തിയ ബെല്ലിങ്ക്യാറ്റ് എന്ന സ്ഥാപനമാണ്. 'ടൈംസ്' ചുമതലപ്പെടുത്തിയ വിദഗ്ദ്ധരും അത് അംഗീകരിക്കുന്നു. ഈ യുദ്ധത്തിൽ ഇത്തരം മിസൈലുകൾ അമേരിക്കൻ സേനയ്ക്കു മാത്രമേയുള്ളൂ.

ഇസ്രയേലിനോ ഇറാനോ ഈ മിസൈൽ ഇല്ല എന്നിരിക്കെ ഇറാനാണ് സ്കൂൾ ആക്രമിച്ചതെന്ന ട്രംപിന്റെ പ്രസ്താവന അപ്രസക്തമാവുന്നു.

അന്വേഷണം നടത്തുന്നുണ്ടെന്നു അറിയിച്ച ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് ആവട്ടെ, യുദ്ധത്തിൽ സിവിലിയൻ മരണങ്ങൾ സംഭവിക്കാം എന്നു വാദിക്കുന്നു.

ആക്രമണം ഉണ്ടായ സമയത്ത് ആ മേഖലയിൽ യുഎസ് സേന സജീവമായിരുന്നു എന്ന് സേനാ മേധാവി ജനറൽ ഡാൻ കെയ്‌ൻ സമ്മതിക്കുന്നുണ്ട്. യുഎസ് നേവി വിക്ഷേപിച്ച ടോമാഹോക്ക് മിസൈലുകളാണ് ആദ്യം പ്രയോഗിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നുമുണ്ട്.

New video contradicts US claims on Iran school strike

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക