Image

ട്രംപിന്റെ ഇറാൻ സമീപനത്തെ ഇരു പക്ഷത്തു നിന്നുമുള്ള സെനറ്റർമാർ എതിർക്കുന്നു (പിപിഎം)

Published on 09 March, 2026
  ട്രംപിന്റെ ഇറാൻ സമീപനത്തെ ഇരു പക്ഷത്തു നിന്നുമുള്ള സെനറ്റർമാർ എതിർക്കുന്നു (പിപിഎം)

യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഇറാനെതിരായ യുദ്ധത്തിലേക്കു രാജ്യത്തെ വലിച്ചിഴച്ചതിനെതിരെ ഇരു പാർട്ടികളിൽ നിന്നുമുള്ള മുതിർന്ന സെനറ്റർമാർ രംഗത്തെത്തി. വ്യാപിച്ചു കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ന്യായങ്ങൾ ട്രംപ് കോൺഗ്രസിനോടും ജനങ്ങളോടും വിശദീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.  

റിപ്പബ്ലിക്കൻ സെനറ്റർ തോം ടില്ലിസ് (നോർത്ത് കരളിന) പറഞ്ഞു: "ഭരണകൂടം ലക്ഷ്യങ്ങൾ സംബന്ധിച്ചു കൂടുതൽ വ്യക്തത കൊണ്ടുവരണമെന്നാണ് എനിക്കു തോന്നുന്നത്. കോൺഗ്രസിൽ നിന്ന് അനുമതി കൂടാതെ യുദ്ധം തുടരാൻ പ്രസിഡന്റിന് 60 ദിവസമാണ് അനുമതിയുള്ളത്. ഇറാനിൽ ഭരണമാറ്റമാണ് ലക്ഷ്യമെങ്കിൽ ആ കാലാവധി കൊണ്ട് സാധിക്കാൻ ബുദ്ധിമുട്ടാണ്.

"കോൺഗ്രസിന്റെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ ഈ യുദ്ധത്തിനു നിയമ പിൻബലം ഉണ്ടാവൂ. യുദ്ധം നീളുകയാണെങ്കിൽ ഈ അംഗീകാരം നേടേണ്ടതല്ലേ?"

കരയുദ്ധം ആരംഭിക്കയാണെങ്കിൽ അത് ഏറെ നീളുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ യുദ്ധം 'നിയമവിരുദ്ധവും അഗാധമായ അവിവേകവും' ആണെന്നു ഡെമോക്രാറ്റിക് സെനറ്റർ ടിം കെയ്ൻ (വിർജീനിയ) സി ബി എസിൽ പറഞ്ഞു. യുഎസ് സൈനികരുടെ സുരക്ഷയെ കുറിച്ച് അദ്ദേഹം ആശങ്ക ഉയർത്തി.

"ഒരു വിർജിനിയക്കാരൻ ഉൾപ്പെടെ ആറു പേരുടെ മൃതദേഹങ്ങൾ ഇന്നലെ കൊണ്ടുവന്നു. സൈനികരുടെ സുരക്ഷ ഉറപ്പില്ല എന്നാണ് ഞാൻ കാണുന്നത്. മുൻകാല മിഡിൽ ഈസ്റ്റ് യുദ്ധങ്ങളിൽ നിന്നു യുഎസ് പാഠം പഠിച്ചിട്ടില്ല.

അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾക്കും സുരക്ഷ കുറഞ്ഞെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "ഭീഷണിയുണ്ട്, എംബസികളും കോൺസലിറ്റുകളും പ്രകടനങ്ങൾ നേരിട്ടു. അവയിൽ ചിലതു അക്രമവും കണ്ടു. നമ്മുടെ ഡിപ്ലോമാറ്റുകൾ സുരക്ഷിതരല്ല."

യാത്രകൾ തടസപ്പെടുന്നതിനെയും കെയ്ൻ വിമർശിച്ചു. "യുദ്ധം മൂലം മിഡിൽ ഈസ്റ്റിൽ നിരവധി അമേരിക്കക്കാർ കുടുങ്ങി.  ആയിരങ്ങളാണ് കുടുങ്ങിയിട്ടുള്ളത്. എല്ലാവരും തിരിച്ചു പോരാൻ കഴിയുന്നവരല്ല."  

വളരെ അപകടം പിടിച്ച ചില സ്ഥലങ്ങളിൽ ഡിപ്ലോമാറ്റുകൾ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലരോടും മടങ്ങാൻ ആവശ്യപ്പെട്ടിട്ടു പോലുമില്ല.

യുദ്ധത്തിന് എത്രയധികം പണം ചെലവാകും എന്നതിനെ കുറിച്ച് കോൺഗ്രസിനോടു പറഞ്ഞിട്ടില്ലെന്നു കെയ്ൻ അറിയിച്ചു. ആദ്യ 100 മണിക്കൂറിൽ തന്നെ ബില്യണുകൾ ചെലവായെന്നു വിദഗ്ദ്ധർ പറയുന്നുണ്ട്.

ഇപ്പോൾ തന്നെ ഈ യുദ്ധം ദുരന്തമായി

മറ്റൊരു ചെലവേറിയ മിഡിൽ ഈസ്റ്റ് യുദ്ധത്തിലാണ് യുഎസ് എത്തിപ്പെട്ടിട്ടുള്ളതെന്നു സെനറ്റർ ക്രിസ് മർഫി (ഡെമോക്രാറ്റ്) പറഞ്ഞു. "ഇപ്പോൾ തന്നെ ഈ യുദ്ധം ദുരന്തമായി. ആർമിയെ ഇറാനിലേക്ക് അയക്കുമെന്നു പ്രസിഡന്റ് പറയുന്നു. അത് കൂടുതൽ വലിയ ദുരന്തമാവും. വളരെ വലിയ ആൾനാശം. ഡസൻ കണക്കിനു അമേരിക്കൻ സൈനികർ കൊല്ലപ്പെടാം."

വ്യോമാക്രമണം കൊണ്ടു മാത്രം ഇറാന്റെ ആണവ ശക്തി സ്ഥിരമായി തുടച്ചു നീക്കാൻ കഴിയില്ലെന്നു അദ്ദേഹം പറഞ്ഞു. "ബോംബ് ചെയ്താൽ അറിവ് ഇല്ലാതാവില്ല. ആർമി എത്ര അപകടകരമായ ആക്രമണം നടത്തിയാലും ഇറാന്റെ ആണവ പദ്ധതി എന്നെന്നേക്കുമായി നശിപ്പിക്കാൻ കഴിയില്ല."  

ഒബാമ ഭരണകൂടം കൊണ്ടുവന്ന ആണവ കരാർ ചൂണ്ടിക്കാട്ടി, നയതന്ത്രം തന്നെയാണ് ആവശ്യമെന്നു മർഫി പറഞ്ഞു.

"അമേരിക്കൻ ജനതയ്ക്കു ഈ യുദ്ധം ആവശ്യമില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാഖും അഫ്ഘാനിസ്ഥാനും പോലുള്ള സ്ഥലങ്ങളിൽ യുഎസ് സൈന്യം പോയപ്പോൾ എന്താണ് സംഭവിച്ചതെന്നു ഓർമയുണ്ടല്ലോ."

US lawmakers question Trump's Iran war strategy

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക