Image

ഇറാൻ പരമാധികാരിയായി ഖമേനായിയുടെ മകൻ മുജ്‌തബയെ തിരഞ്ഞെടുത്തു (പിപിഎം)

Published on 09 March, 2026
ഇറാൻ പരമാധികാരിയായി ഖമേനായിയുടെ മകൻ മുജ്‌തബയെ തിരഞ്ഞെടുത്തു (പിപിഎം)

ഇറാന്റെ പുതിയ ആധ്യാത്മിക-രാഷ്ട്രീയ പരമാധികാരിയായി വധിക്കപ്പെട്ട ആയത്തൊള്ള അലി ഖമേനായിയുടെ രണ്ടാമത്തെ മകൻ ആയത്തൊള്ള സയിദ് മുജ്‌തബ ഹൊസെയിനി ഖമേനായിയെ ഞായറാഴ്ച്ച 88 ഷിയാ പുരോഹിതന്മാർ ഉൾപ്പെട്ട സമിതി തിരഞ്ഞെടുത്തു. തിങ്കളാഴ്ച്ച പുലർച്ചെയാണ് അറിയിപ്പുണ്ടായത്.

ഇറാന്റെ വരേണ്യ സേനയായ റിപ്പബ്ലിക്കൻ ഗാർഡുകൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള മുജ്‌തബയ്ക്കു (56) യുഎസ്-ഇസ്രയേലി ആക്രമണത്തിൽ പരുക്കേറ്റെന്നു ഇസ്രയേൽ അറിയിച്ചതിനു പിന്നാലെയാണ് ഈ അറിയിപ്പ് വന്നത്. വിപുലമായ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ കൂടിയായ അദ്ദേഹത്തിന്റെ പേര് തുടക്കം മുതലേ ഈ സ്ഥാനത്തേക്കു പറഞ്ഞു കേട്ടിരുന്നു.  

ചക്രവർത്തി ഷായെ ഇസ്ലാമിക വിപ്ലവം വീഴ്ത്തിയ ശേഷം രാജ്യത്തിൻറെ മൂന്നാമത്തെ പരമാധികാരിയാവുന്ന പുരോഹിതനാണ് മുജ്‌തബ. രാജ്യത്തിൻറെ തീരുമാനങ്ങളിൽ അവസാന വാക്ക് അദ്ദേഹത്തിന്റേതാവും.

എന്നാൽ യുഎസ്, ഇസ്രയേലി സേനകൾ മുജ്‌തബയെ ലക്‌ഷ്യം വയ്ക്കുമെന്നു ആശങ്കയുണ്ട്. അദ്ദേഹം ഇറാനെ നയിക്കാൻ അയോഗ്യനാണെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. "ഞങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അയാൾക്ക്‌ നിലനിൽപില്ല," ട്രംപ് പറഞ്ഞു.

പുതിയ നേതാവ് ആരായാലും തട്ടിക്കളയും എന്നു മടികൂടാതെ ഇസ്രയേലും പറഞ്ഞു. പുരോഹിത ഭരണം തന്നെ അവസാനിക്കണം എന്നതാണ് യുഎസ്-ഇസ്രയേലി നിലപാട്.

Mojtaba Khamenei chosen Iran Supreme Leader 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക