
എബി കാർ പാർക്ക് ചെയ്ത് വരുമ്പോൾ പൂമുഖത്ത് ആരെയും കണ്ടില്ല. സാധാരണയായി, റീത്താമ്മ കാറിൻറെ ശബ്ദം കേട്ടാലുടനെ പുറത്തേക്കു വരാറുള്ളതാണ്.
'ഇതെവിടെ പോയി എല്ലാവരും?' എന്ന് പറഞ്ഞുകൊണ്ട് അയാൾ സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി. അയാൾക്ക് പുറകെ എന്നോണം രാജുവും എത്തി. മോട്ടോർസൈക്കിൾ ഒതുക്കി നിർത്തി, ഹാൻഡ്‌ലിൽ തൂക്കിയിട്ടിരുന്ന ബാഗ് എടുത്തുകൊണ്ടു അയാൾ നീട്ടി വിളിച്ചു: 'സുമേ ....'
'ങാ... നീ വന്നോ?' റീത്താമ്മ ഇറങ്ങി വന്നു.
'വന്ന വഴി ഞാൻ സുമയുടെ വീട്ടിൽ കയറി. അമ്മച്ചി തന്നയച്ചതാ...' അയാൾ ബാഗ് റീത്താമ്മയുടെ നേരെ നീട്ടി.
'അത് അവളുടെ കയ്യിൽ തന്നെ കൊടുക്കെടാ... മോളേ സുമേ...' റീത്താമ്മ വിളിച്ചു. സുമ വന്ന് ആ ബാഗ് വാങ്ങി.
'ഇതെന്താ?' അവൾ ബാഗ് തുറന്നു നോക്കി.
'ഹാ... മാങ്ങാ..... നന്നായി. ഇപ്രാവശ്യം ഇവിടുത്തെ ഒറ്റ മാവുപോലും കായിച്ചിട്ടില്ല.'
'വേഷം മാറി വാ വല്ലതും കഴിക്കാം. ഞാൻ ഈ മാങ്ങാ പൂളിയെടുക്കട്ടെ...’ സുമ അകത്തേക്ക് പോയി
'എബി വന്നില്ലേ?' അയാൾ റീത്താമ്മയോടു ചോദിച്ചു.
'വന്നു. മുകളിലേക്ക് പോകുന്നത് കണ്ടു...' റീത്താമ്മ പറഞ്ഞു.
'ങും... അവനും ബീനയും കൂടി വരട്ടെ…'
'അവൻ ആശുപത്രിയിൽ നിന്ന് വന്നതല്ലേ? കുളിക്കയും മറ്റും വേണ്ടേ? നീ വന്നു കഴിക്കു...' റീത്താമ്മ പറഞ്ഞു. അവർക്കു രാജുവിനോട് അപ്പോൾത്തന്നെ അവിടെയുണ്ടായ സംഭവം പറയണമെന്നുണ്ടായിരുന്നു. പിന്നെ ഓർത്തു എബി കൂടെ വന്നോട്ടെ എന്ന്. ബീന കൂടുതൽ എന്തെങ്കിലും എബിയോട് പറയുമോ എന്നും അറിയാമല്ലോ.
സംഭവം കഴിഞ്ഞ ഉടൻ അവൾ മുറിയിൽ കയറി വാതിൽ അടച്ചതാണ്. സുമ ഒന്ന് രണ്ടു പ്രാവശ്യം ചെന്ന് വിളിച്ചെങ്കിലും, എബി വരട്ടെ എന്നുപറഞ്ഞു അവൾ ഒഴിഞ്ഞു മാറുകയായിരുന്നു.
'വാതിൽ തുറന്നതുകൂടിയില്ല അമ്മച്ചീ' സുമ തിരികെ വന്ന് റീത്താമ്മയോടു പറഞ്ഞു.
ബീനയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് അതിൽ അവർ അസ്വാഭാവികത ഒന്നും കണ്ടതുമില്ല.
‘അവരുകൂടി വരട്ടെ... എനിക്ക് ധൃതിയൊന്നുമില്ല. സുമയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ നിന്നും ഇടിയപ്പം കഴിച്ചതാ....'
‘എന്തുണ്ട് മോനെ അവിടെ വിശേഷം?' റീത്താമ്മ ചോദിച്ചു.
'ങും... അവിടെ പപ്പയ്ക്ക് എന്നെ കാണണമെന്ന് പറഞ്ഞത് എന്തിനാണെന്നോ... റെജിക്ക് ഗൾഫിൽ പോകണം പോലും.... ഏതോ ഫ്രണ്ട് വിസ തരമാക്കാമെന്നു പറഞ്ഞെന്ന്...'
'നല്ലതല്ലേ? രാജുച്ചായൻ എന്ത് പറഞ്ഞു?’ സുമ അടുക്കളയിൽ നിന്നും തല നീട്ടി ചോദിച്ചു. സുമയുടെ ഇളയ സഹോദരൻ ആണ് റെജി. ബി.ബി.എയ്ക്ക് പഠിക്കുന്നു.
'അതിനു അവൻ പഠിക്കുകയല്ലേ? ഡിഗ്രി കഴിഞ്ഞില്ലല്ലോ?' റീത്താമ്മ പറഞ്ഞു.
'അതിനെന്താ? ഡിഗ്രി എടുത്താലും എന്തൊരു പ്രയാസമാ ജോലി കിട്ടാൻ? ഗൾഫിൽ ആണെങ്കിൽ നല്ല ശമ്പളവും കാണും....' സുമ പറഞ്ഞു.
'അവൻ പഠിക്കട്ടെ... ഉടനെ ജോലിക്കു പോകേണ്ട അത്യാവശ്യം ഒന്നും ഇപ്പോൾ അവിടെ ഇല്ലല്ലോ.... പിന്നെ, ജോലിക്കാണെങ്കിൽ രാജീവനോട് പറഞ്ഞ് ഞാൻ ശരിയാക്കിക്കൊള്ളാം’. പറഞ്ഞുകൊണ്ട് രാജു അകത്തേക്ക് പോയി.
സുമയുടെ മുഖം വാടിയത് റീത്താമ്മ കണ്ടു.
'സുമേ... അവൻ പഠിക്കാവുന്നിടത്തോളം പഠിക്കട്ടെ... നിൻറെ പപ്പയ്ക്കും മമ്മിയ്ക്കും അവനെ പഠിപ്പിക്കാൻ കഴിവുണ്ടല്ലോ... പിന്നെ എന്തിനാ ഇപ്പോഴേ ജോലി എന്നും പറഞ്ഞ് അന്യനാട്ടിലേക്ക് വിടുന്നത് ?'
രാജുവിന്റെ പഠിത്തം പാതിവഴിയിൽ നിർത്തേണ്ടി വന്നതായിരുന്നു റീത്താമ്മയുടെ മനസ്സിൽ.
കുറെയേറെ കഴിഞ്ഞാണ് എബി വന്നത്. അവനോടൊപ്പം ബീനയും ഉണ്ടായിരുന്നു. റീത്താമ്മയും, രാജുവും ഡൈനിങ്ങ് ടേബിളിനു മുൻപിൽ ഇരുപ്പു പിടിച്ചിരുന്നു അപ്പോഴേക്കും. സുമ കാപ്പിയും പലഹാരങ്ങളും കൊണ്ട് വരികയും.
'ങാ...വാ. വാ....' അവരെക്കണ്ടുകൊണ്ടു സുമ പറഞ്ഞു.
എബി കസേര വലിച്ചിട്ടിരുന്നുകൊണ്ടു പ്ലേറ്റിലേക്കു പുട്ടും കടലയും വിളമ്പി തുടങ്ങി.
'നല്ല വിശപ്പ്... ഇത് കഴിഞ്ഞു വേണം ഒന്ന് കിടക്കാൻ. നൈറ്റ് വാസ് സൊ ബിസി. രണ്ടു ആക്സിഡന്റ് കേസ് ഉണ്ടായിരുന്നു....'
ബീന ജഗ്ഗിൽ നിന്നും രണ്ടു കപ്പിലായി കാപ്പി പകർന്നു. ഒന്ന് എബിയുടെ മുന്നിലേക്ക് നീക്കിവെച്ചു.
'മോളെന്താ ഇരിക്കാത്തത്?' റീത്താമ്മ ബീനയോടു ചോദിച്ചു.
'കാപ്പി മാത്രം മതി'
'ബീന, പുട്ടു ഇഷ്ടമില്ലാഞ്ഞാണെങ്കിൽ ദോശ ഉണ്ടാക്കാം. മാവ് ഇരിപ്പുണ്ട്...' സുമ പറഞ്ഞു.
'അല്ല.. വിശപ്പില്ല...' ബീന കപ്പും കയ്യിലെടുത്തു തിരികെ പോകാൻ ഭാവിച്ചു.
'വേണമെങ്കിൽ അവൾ ഉണ്ടാക്കിക്കൊള്ളും. ചേച്ചി വന്നു കഴിക്കാൻ നോക്ക്...' എബി തിന്നുന്നതിനിടയിൽ പറഞ്ഞു.
'ബ്രേക്‌ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് നന്നല്ല. അസുഖം എന്തെങ്കിലും...?' രാജു ചോദിച്ചു.
'ഏയ് ഒന്നും ഇല്ല. വിശപ്പില്ല...' ബീന തിരിഞ്ഞു നടന്നു.
ബീന പൊയ്ക്കഴിയും വരെ ആരും ഒന്നും മിണ്ടിയില്ല.
പിന്നെ, റീത്താമ്മ എബിയുടെ നേരെ തിരിഞ്ഞു.
'എന്താ മോനേ, ഈ കൊച്ച് ഇങ്ങനെ...'
'അവളുടെ സ്വഭാവം ഇതുവരെ നിങ്ങൾക്ക് മനസ്സിലായിട്ടില്ലേ? അവളെ വിട്ടേക്കൂ...'
കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു എല്ലാവരും.
റീത്താമ്മ എന്തെങ്കിലും പറയാൻ കാത്തിരിക്കുകയായിരുന്നു സുമ. അവൾ ഒന്ന് രണ്ടു പ്രാവശ്യം അവരുടെ നേരെ നോക്കി. ആ നോട്ടം കണ്ടു കൊണ്ട്, റീത്താമ്മ എബിയോടായി ചോദിച്ചു:
'മോനേ, ബീന എന്തെങ്കിലും പറഞ്ഞോ?'
'എന്ത്?'
'ഇന്ന് രാവിലെ ഇവിടെ ഉണ്ടായത്?'
'ഇല്ല... '
'ങ്ങും?' ചോദ്യഭാവത്തിൽ രാജുവും അവരുടെ നേരെ നോക്കി.
റീത്താമ്മയും സുമയും കൂടി വിശദമായി തന്നെ രാവിലത്തെ സംഭവം അവരെ പറഞ്ഞു കേൾപ്പിച്ചു.
‘ബീന ഒന്നും പറഞ്ഞില്ലല്ലോ...’
എബി ആലോചിക്കുകയായിരുന്നു. അധികം സംസാരിക്കാറില്ല എന്നിരുന്നാലും ഇങ്ങനെ ഒരു കാര്യമുണ്ടായിട്ടു അവൾ എന്തേ പറഞ്ഞില്ല?
മറ്റെല്ലാവരും അയാളറിയാതെ അയാളുടെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു.
'വനജ ഇവിടെ വന്നു പതുങ്ങിയിരുന്നു എന്നോ?' രാജുവിന് അത് വിശ്വസിക്കാനേ കഴിയുമായിരുന്നില്ല... അതുമല്ല, ബീനയെ അപകടപ്പെടുത്താൻ?
'വനജ ഇവിടെ വന്നു പതുങ്ങിയിരുന്ന് എന്ത് ചെയ്യാനാ?' രാജു ചോദിച്ചു.
'ബീനയ്ക്കു അങ്ങനെ ഒരു നുണ പറയേണ്ട കാര്യമെന്താ?' സുമ അയാളോട് തിരിച്ചു ചോദിച്ചു.
'നുണ ആണെന്നല്ല. ആള് തെറ്റിയതോ മറ്റോ ആയിരിക്കും എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ.
'ആള് തെറ്റാനോ? എങ്ങനെ? അതിനു അവിടെ വേറെ ആരും ഉണ്ടായിരുന്നില്ലല്ലോ…. അത് പോട്ടെ… രാജുച്ചായൻ തന്നെ പറയു. പൂട്ടിയിട്ടിരുന്ന ഗേറ്റിൽക്കൂടി വനജ വന്നെന്നു പറയുന്നതിൽ എന്തോ കള്ളമില്ലേ? '
'വെറുതെ മണ്ടത്തരം പറയാതെ. ഇന്നലെ എബി ഹോസ്പിറ്റലിലേക്ക് പോയിക്കഴിഞ്ഞു ഗേറ്റ് പൂട്ടിയിട്ടുണ്ടാവില്ല. അത്ര തന്നെ. വെറുതെ ഇല്ലാത്ത മിസ്റ്ററി ഒന്നും ഉണ്ടാക്കേണ്ട...' രാജു നീരസത്തോടെ പറഞ്ഞു '
'അതിരിക്കട്ടെ. വനജ എവിടെ നിന്നാണ് ബീനയെ പിടിച്ചുകൊണ്ടു വന്നത് എന്നാണുപറഞ്ഞതു?' രാജു ചോദിച്ചു.’
എബിയുടെ മുഖം മ്ലാനമായിരുന്നു. അത് കണ്ടപ്പോൾ റീത്താമ്മയുടെ ഉള്ളു കലങ്ങി…
ഭക്ഷണം വേഗം കഴിച്ചു തീർത്ത് അയാൾ എഴുന്നേറ്റു, കൈ കഴുകാനായി വാഷ് ബേസിനടുത്തേക്കു നടന്നു. റീത്താമ്മ അയാളുടെ പിറകെ ചെന്നു:
'മോനേ, അവൾക്ക് എന്തെങ്കിലും...?’ റീത്താമ്മയുടെ മനസ്സിൽ എന്താണെന്നു അവർക്കു എല്ലാവർക്കും നന്നായി അറിയാമായിരുന്നു.
'ഏയ്... അമ്മ വെറുതെ വിഷമിക്കാതെ...'
അയാൾ സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി.
'വെറുതെ അവനെ വിഷമിപ്പിച്ചു...' രാജു സ്വയം എന്നോണം പറഞ്ഞു.
'ഈ രാജുച്ചായന് എന്താ? അവൻ അറിയേണ്ടതല്ലേ?'
'നിങ്ങൾ വനജയോട് ചോദിച്ചോ? '
'എന്ത് ചോദിക്കാനാ? അവൾ റോഡിൽ നിന്ന് പിടിച്ചുകൊണ്ടു വന്നു എന്നല്ലേ പറഞ്ഞത്? അതും, പൂട്ടിയിട്ടിരുന്ന ഗേറ്റിൽക്കൂടി?'
'ഗേറ്റിൻറെ കാര്യം വിടൂ. ഇന്നലെ രാത്രിയിൽ എബി പോയിക്കഴിഞ്ഞു ഗേറ്റ് പൂട്ടി എന്ന് ഉറപ്പുണ്ടോ? '
'അങ്ങനെയാണെങ്കിൽ ബീനയും, വനജയും അകത്തു കടന്ന ശേഷം ഗേറ്റ് പൂട്ടിയത് ആരാ? വനജ ഗേറ്റ് പൂട്ടിയെങ്കിൽ അവൾ പറഞ്ഞേനെയല്ലോ...?'
‘അത് അപ്പോഴത്തെ ബഹളത്തിൽ അറിയാതെ ചെയ്തത് ആയിരിക്കും.' അയാൾ അകത്തേക്ക് പോയി.
'പിന്നെ... രാജീവനും, വനജയും, സാറ ആൻറിയും ആ വീടും, വീട്ടിലുള്ളവരും... രാജുച്ചായന് അവരോടുള്ള കൂറ് കഴിഞ്ഞേ ഉള്ളൂ എന്തും...' സുമയ്ക്കു ദേക്ഷ്യം വന്നു.
'അതിൽ ഒരു തെറ്റുമില്ല മോളേ... ആ കുടുംബമാ ആപത്തിൽ നമുക്ക് തുണയായത്.... ഒന്നും മറക്കാൻ കഴിയില്ല.' റീത്താമ്മ പറഞ്ഞു.
ശരിയാണ്. കുടുംബത്തിന് പ്രയാസം ഉണ്ടായപ്പോൾ താങ്ങായത് അവരാണ്. എന്ന് പറഞ്ഞു, ഇങ്ങനെ ഉണ്ടോ കൂറ്? നന്നായി പണിയെടുത്തിട്ടാണ് അവർ ശമ്പളം തരുന്നത്. അതിനു ഇത്രയേറെ യജമാന ഭക്തി കാണിക്കേണ്ട ആവശ്യമില്ല എന്ന് സുമ ഇടയ്ക്കിടെ അയാളെ ഓർമിപ്പിക്കാറുണ്ട്.
റീത്താമ്മ ജോർജിനുള്ള ഭക്ഷണവുമായി അയാളുടെ മുറിയിലേക്ക് കയറിപ്പോയി. മേശപ്പുറത്തുനിന്നും പാത്രങ്ങൾ എടുത്തുകൊണ്ടു സുമ അടുക്കളയിലേക്കും.
Read More: https://www.emalayalee.com/writer/69