
ആന്തരിക പരിവർത്തനത്തിനു ഏവരെയും ക്ഷണിക്കുന്ന, ക്രൈസ്തവരുടെ നോമ്പുകാലവും, ഇസ്ലാം മത വിശ്വാസികളുടെ റമദാനും, ഒരേ സമയത്ത് ആചരിക്കുന്നതിലെ പ്രാധാന്യം, എടുത്തുകാണിച്ചുകൊണ്ട്, ഇത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്, മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട് അടിവരയിട്ടു പറഞ്ഞു. "സ്ത്രീകൾ, നേതൃത്വവും സംഭാഷണവും: അറിവ്, സംസ്കാരം, സമൂഹം എന്നിവയ്ക്കിടയിലെ പാലങ്ങൾ" എന്ന ശീർഷകത്തിൽ, ആഗോള വനിതാദിനത്തോടനുബന്ധിച്ച്, അൽബേനിയൻ എംബസി റോമിൽ വച്ച് സംഘടിപ്പിച്ച സമ്മേളനത്തിലാണ് കർദിനാൾ ഒരിക്കൽ കൂടി സമാധാനത്തിനു ആഹ്വാനം നൽകിയതും, സമാധാന സംസ്ഥാപനത്തിനായി, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചതും.
നോമ്പുകാലത്തിന്റെയും ക്രൈസ്തവവിശ്വാസത്തിന്റെയും സാമൂഹികമാനവുമായി ബന്ധപ്പെട്ട്, നെറ്റിയിൽ പൂശുന്ന ചാരത്തെ പരാമർശിച്ചുകൊണ്ട്, അതിൽ സഹനത്തിലൂടെയും യുദ്ധങ്ങളിലൂടെയും കടന്നുപോകുന്ന ഒരു ലോകത്തിന്റെ പ്രാതിനിധ്യവും ഭാരവും കൂടിയുണ്ടെന്നുള്ള ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും കർദിനാൾ അടിവരയിട്ടു പറഞ്ഞു. എന്നാൽ, ചാരത്തിൽ തുടരാനല്ല, അതിൽനിന്ന് ഉയിർത്തെഴുനേൽക്കുവാനും, പുനരുദ്ധരിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നുള്ള ആഹ്വാനവും കർദിനാൾ കൂവക്കാട് ഓർമ്മപ്പെടുത്തി.
"എഴുന്നേറ്റ്, പുനർനിർമ്മിക്കുക", എന്നതാണ് ഈ ആഹ്വാനം അർത്ഥമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുനർനിർമ്മാണത്തിൽ ഏറെ പ്രധാനപ്പെട്ടത്, പാലങ്ങൾ നിർമ്മിക്കുക എന്നതാണെന്നും, നിരായുധീകരിക്കപ്പെട്ടതും, നിരായുധീകരിക്കുന്നതുമായ ഒരു സമാധാനമാണ് ഇന്നത്തെ ലോകത്തിനു ആവശ്യമായതെന്നും കർദിനാൾ ചൂണ്ടിക്കാട്ടി. അപരനോട് ക്ഷമിക്കാനുള്ള കഴിവും, സമൂഹങ്ങൾക്കുള്ളിൽ അനുരഞ്ജനത്തിന്റെ പാതയും, വളർത്തിയെടുക്കണമെന്നും, നിർമ്മിത ബുദ്ധിക്കു പകരം, കൂട്ടായ്മാബോധവും, സാമൂഹിക പ്രതിബദ്ധതയുമുള്ള മാനുഷിക ബുദ്ധിയാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
സമാധാനത്തിനുള്ള തയ്യാറെടുപ്പ്, വെല്ലുവിളികളെ അഭിമുഖീകരിക്കുവാൻ ആവശ്യപ്പെടുന്നുണ്ടെന്നും, ഈ ഒരു പ്രക്രിയയിൽ, സ്ത്രീകളുടെ പങ്കിനെ ചരിത്രം എടുത്തു പറഞ്ഞിട്ടുണ്ടെന്നും അടിവരയിട്ട കർദിനാൾ, നൊബേൽ സമ്മാന ജേതാക്കളായ നിരവധി വനിതകളുടെ ഉദാഹരണവും ചൂണ്ടിക്കാട്ടി.
മധ്യപൂർവേഷ്യയിലും ഇപ്രകാരം സമാധാനത്തിനു വേണ്ടി നിലകൊള്ളുവാൻ വിവിധ സംഘടനകൾക്ക് നേതൃത്വം നൽകുന്ന, പ്രത്യാശയുടെയും സംഭാഷണത്തിന്റെയും നേതാക്കളായ, അറബ് ഇസ്രായേലി വനിതകൾ ഏവർക്കും മാതൃകയും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സങ്കീർണ്ണമായ സാമൂഹിക വെല്ലുവിളികൾ, തകർന്ന ബന്ധങ്ങൾ, സങ്കീർണ്ണമായ സാഹചര്യങ്ങൾ എന്നിവ സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധിയെ പരാമർശിച്ച അദ്ദേഹം, ഇവയ്ക്ക് പ്രതിവിധി കാണണമെങ്കിൽ, സ്ത്രീ പ്രതിഭകളുടെ പ്രത്യേക മൗലികത തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും, മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
സമാധാനം, സാഹോദര്യം, ഐക്യദാർഢ്യം എന്നിവ കെട്ടിപ്പടുക്കുന്നതിന്, എല്ലാ സംസ്കാരത്തിലും, വിഭാഗങ്ങളിലും, വിശ്വാസത്തിലും, തലമുറയിലും പെട്ട സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു നിൽക്കണമെന്നു അദ്ദേഹം ഓർമ്മിപ്പിച്ചു. അപ്രകാരം മാത്രമേ, മുൻവിധികളെ മറികടക്കാനും, ബഹുമാനം വളർത്താനും, നമുക്ക് ചുറ്റും പ്രത്യാശയുടെ വിത്തുകൾ വിതയ്ക്കാനും, കൂടുതൽ മാനുഷികവും സാഹോദര്യപരവുമായ ലോകത്തിനായി പ്രവർത്തിക്കാനും, നീതിയും സമാധാനവും ഐക്യവും സൃഷ്ടിക്കുന്നതിന് സംഭാവന നൽകാനും, സാധിക്കുകയുള്ളൂവെന്നും കർദിനാൾ ജോർജ് കൂവക്കാട്, ഉപസംഹാരമായി എടുത്തു പറഞ്ഞു.