Image

യുഡിഎഫ് വിഭാവനം ചെയ്യുന്നത് രാജ്യത്തിന് മാതൃകയാകുന്ന പുതിയ കേരള മോഡൽ: വി ഡി സതീശൻ; പുതുയുഗ യാത്രക്ക് തിരുവനന്തപുരത്ത് ആവേശകരമായ സമാപനം

Published on 07 March, 2026
 യുഡിഎഫ് വിഭാവനം ചെയ്യുന്നത് രാജ്യത്തിന് മാതൃകയാകുന്ന പുതിയ കേരള മോഡൽ: വി ഡി സതീശൻ;  പുതുയുഗ യാത്രക്ക് തിരുവനന്തപുരത്ത് ആവേശകരമായ സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച യുഡിഎഫിന്റെ 'പുതുയുഗ യാത്ര'ക്ക് തിരുവനന്തപുരത്ത് ആവേശകരമായ സമാപനം. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, തകർന്നടിഞ്ഞ കേരളത്തെ യു ഡി എഫ് കൈപിടിച്ചുയർത്തുമെന്നും വാഗ്ദാനം ചെയ്തു. 

സദ്ഭരണമെന്ന വാഗ്ദാനമാണ് യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത്. ജനങ്ങളുടെ ഏതാവശ്യത്തിലും സർക്കാരിൻ്റെ കൃത്യമായ ഇടപെടലുണ്ടാകും. കേരളത്തിലെ സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഒന്നാം നമ്പരാക്കി മാറ്റുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സ്വകാര്യ കമ്പിനികളുടെയും കോർപ്പറേറ്റുകളുടെ പ്രവർത്തനത്തെ വെല്ലുന്ന കാര്യക്ഷമതയാവും സെക്രട്ടേറിയറ്റിന് ഉണ്ടാവുക. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ വലിയ മാറ്റമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജാഥ നെഞ്ചേറ്റിയ കേരള ജനതയ്ക്ക് വികാരാധീനനായി അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ജനങ്ങൾ ഈ യാത്രയെ തങ്ങളുടേതാക്കി മാറ്റിയെന്നും യുഡിഎഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിന് ലഭിച്ച വൻ അംഗീകാരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. 

വ്യക്തിപരമായി പുതുയുഗയാത്ര ഏറ്റവും വലിയ അനുഭവമാണെന്നും ഇത് വിജയിപ്പിച്ച പ്രവർത്തകർക്ക് താൻ നിറകണ്ണുകളോടെ നന്ദി പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു. യാത്ര കേരളത്തിന് സർക്കാരിനെതിരായ കുറ്റപത്രമാണ് സമർപ്പിച്ചത്. 

യുഡിഎഫ് ഇപ്പോൾ വെറും പ്രതിപക്ഷമല്ലെന്നും അധികാരത്തിലേക്ക് വരാൻ പോകുന്ന മുന്നണിയാണെന്നും അദ്ദേഹം ആവർത്തിച്ചു.

പാർലമെൻ്റ് തെരഞ്ഞെടുപ്പിലുണ്ടായ വലിയ വിജയം എല്ലാ ഉപതെരഞ്ഞെടുപ്പിലും ആവർത്തിച്ചു. എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അന്ന് നമ്മൾ പ്രവചിച്ചിരുന്നു. തുടർന്ന് നടന്ന തദ്ദേശതെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ വിജയം നേടി. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ വിജയം യുഡിഎഫിനുണ്ടാകുമെന്നും നൂറിലധികം സീറ്റ് നേടി മുന്നണി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളം വലിയ മാറ്റങ്ങൾക്ക് തയാറാവുകയാണ്. അതിന് വേണ്ടി യാത്രയ്ക്കിടെ പൊതുജനങ്ങളുമായി സംസാരിച്ച് പ്രത്യേകമായി വികസനരേഖ തയാറാക്കിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാവും ഇനി അധികാരത്തിലെത്തിയാൽ യുഡിഎഫ് ്രപവർത്തിക്കുകയെന്നും സതീശൻ പറഞ്ഞു.

സമ്മേളനം ഉദ്ഘാടനം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലേറ്റാൻ അഞ്ചിന ന്യായ് ഗ്യാരണ്ടികൾ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ ഭിന്നതകൾ മറന്ന് സംഘനൃത്തത്തിലെന്ന  പോലെ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

 എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപദാസ് മുൻഷി, ഘടകകക്ഷി നേതാക്കളായ സി പി ജോൺ, സാദിഖലി തങ്ങൾ, എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക