
എറണാകുളം: കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവൻ്റെ ദൃശ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പകർത്താൻ ശ്രമിച്ച മൂന്ന് പേരെ കൊച്ചി ഹാർബർ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടിവിയുടെ തിരുവനന്തപുരം റിപ്പോർട്ടർ ശങ്കർ, ക്യാമറമാൻ മണി, ഡ്രൈവർ വിജയകുമാർ എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലർച്ചെ അതീവ സുരക്ഷാ മേഖലയായ കപ്പലിന് സമീപത്തേക്ക് ബോട്ടിലെത്തി ഇവർ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇവരെ ഉടൻ തടയുകയും കസ്റ്റഡിയിലെടുത്ത് ഹാർബർ പൊലീസിന് കൈമാറുകയും ചെയ്തു.
സംഭവത്തിൽ കൊച്ചി ഡിസിപി അശ്വതി ജി ജി കർശന സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന വിദേശ കപ്പലുകളുടെയോ മറ്റ് സുരക്ഷാ പ്രാധാന്യമുള്ള കപ്പലുകളുടെയോ ചിത്രങ്ങളോ വീഡിയോകളോ പകർത്താൻ പാടുള്ളതല്ലെന്ന് ഡിസിപി വ്യക്തമാക്കി. നിലവിൽ ഇത്തരം ദൃശ്യങ്ങൾ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അവ ഉടൻ നീക്കം ചെയ്യണം. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ, സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ഡിസിപി അറിയിച്ചു.